സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് പിണറായി വിജയന് ഉള്പ്പെടെയുള്ളവര്ക്ക് ഹൈക്കോടതിയില് തിരിച്ചടി. എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീലുകള് പരിഗണിക്കാന് പ്രത്യേക അനുമതി നല്കാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പിണറായി വിജയന്, പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്.
ജസ്റ്റിസുമാരായ കെ. നടരാജനും ജോണ്സണ് ജോണും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ടി. വീണ, ഹസന് വാരിസ് എന്നിവരും അപ്പീല് നല്കാനുള്ള അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില് പിണറായി വിജയന് ഉള്പ്പെടെയുള്ളവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ഹൈക്കോടതി സിംഗിള് ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു അപ്പീല്.
വിജിലന്സ് കേസ് രജിസ്റ്റര് ചെയ്തതിന് പിന്നാലെ ഇഡി രണ്ട് കേസുകളില് എന്ഫോഴ്സ്മെന്റ് കേസ് ഇന്ഫര്മേഷന് റിപ്പോര്ട്ട് (ഇസിഐആര്) രജിസ്റ്റര് ചെയ്തിരുന്നു. സിഎംആര്എല്ലില്നിന്ന് വീണയ്ക്ക് ലഭിച്ച പണം പിണറായി വിജയന് നല്കിയ കൈക്കൂലിയാണെന്നാണ് ഇഡിയുടെ ആരോപണം. പി.എ. മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ ഏജന്സി ഉന്നയിച്ചിട്ടുണ്ട്.
ഇതോടെ സിഎംആര്എല്-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായി. കേസില് അന്വേഷണ നടപടികള് തുടരുന്നതിനിടെയാണ് അപ്പീല് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.