മാസപ്പടി കേസില്‍ തന്നെ പ്രതി ചേര്‍ക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയന്‍, മകള്‍ ടി വീണ, പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ആരോപണവിധേയരുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതെന്നും അതിനാല്‍ നടപടി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ ഉത്തരവില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. ഇതോടെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 82 വയസുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഹര്‍ജി വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്ന കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നതിനുള്ള പട്ടിക പുറത്തിറക്കിയത്. ആന്ധ്രാപ്രദേശിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. മാസപ്പടി കേസില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ക്ക് നിര്‍ണായകമാകും.