ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ 'സ്റ്റോം ഓസ്റ്റന്‍' (Storm Austen) യുകെയിലേക്ക് അടുക്കുന്നതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രിയോടെ ആഞ്ഞടിക്കാന്‍ തുടങ്ങുന്ന കൊടുങ്കാറ്റ് വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 70 മൈലില്‍ അധികം വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. മറ്റ് മുന്നറിയിപ്പ് മേഖലകളില്‍ 50-60 മൈല്‍ വരെ വേഗതയിലാകും കാറ്റ് അനുഭവപ്പെടുക.
കാറ്റിനൊപ്പം കനത്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. പലയിടങ്ങളിലും 20 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും, ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നു.
ശക്തമായ കാറ്റും മഴയും കാരണം ഗതാഗത തടസ്സങ്ങള്‍, വൈദ്യുതി മുടക്കം, കടലേറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഞ്ഞ് വീഴ്ചക്കൊപ്പം വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള അടിയന്തര ഘട്ടങ്ങള്‍ ശൈത്യകാലത്ത് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കടുത്ത ചൂട് അനുഭവപ്പെട്ട ഒരു വേനല്‍ക്കാലത്തിനു ശേഷം വരുന്ന ശൈത്യകാലത്തെ നേരിടാന്‍ എത്രമാത്രം തയ്യാറെടുപ്പുകള്‍ നടത്തി എന്നത് വിശകലനം ചെയ്യാന്‍ പുതിയ ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗം ചേരും.
മഴയും കൊടുങ്കാറ്റും, പെമാരിയുമൊക്കെയായിരിക്കും വരുന്ന മാസങ്ങളില്‍ ഉണ്ടാവുക എന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും പോലുള്ള അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളാണ് അനുഭവപ്പെടുന്നത്.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായാണ് യുകെ സമീപകാലത്തു കടുത്ത ചൂട് നേരിടേണ്ടിവന്നത്. അത് പോലെയായിരിക്കും തണുപ്പ് കാലത്തു മഞ്ഞിന്റെ കാഠിന്യവും. ഒപ്പം മഴയും വെള്ളപ്പൊക്കവും കൂടിയാകുമ്പോള്‍ പറയാനുമില്ല. ആരോഗ്യ മേഖലയും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സമയം കൂടിയാണ്.