മാസപ്പടി: പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയില്‍ ആശ്വാസം. സിഎംആര്‍എല്‍ കേസിലെയും മുഹമ്മദ് റിയാസിനും വീണ ടിക്കും എതിരായ ഹവാല ഇടപാടിലെയും വിജിലന്‍സ് അന്വേഷണം തടഞ്ഞു. ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. പിണറായി വിജയനെ കേള്‍ക്കാതെ തീരുമാനമെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.
കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. അതിവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് കോടതി പരിഹസിച്ചു. ഇ ഡി കത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡി വാദം തള്ളി. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് മെറിറ്റില്‍ പരിഗണിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
വിജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു.