സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു നേരെ (എസ്ബിഐ) സൈബറാക്രമണം. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 3,897 ഉപഭോക്താക്കളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളാണ് ചോര്‍ന്നതെന്ന് ബാങ്ക് അറിയിച്ചു.
ചോര്‍ന്ന വിവരങ്ങളില്‍ ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതികള്‍, ഇമെയില്‍, വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിന് പുറമെ ബ്രാന്‍ഡ് വിവരങ്ങള്‍, ഉപഭോക്തൃ തിരിച്ചറിയല്‍ വിവരങ്ങള്‍, വായ്പാ രേഖകള്‍ എന്നിവയും ചോര്‍ന്നിട്ടുണ്ട്.
വിവരച്ചോര്‍ച്ചയുടെ വ്യാപ്തിയും സ്വഭാവവും പരിശോധിക്കാന്‍ സ്വതന്ത്ര സൈബര്‍സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതായി എസ്ബിഐ അറിയിച്ചു. ഏജന്‍സി സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. അതേസമയം, വിവരച്ചോര്‍ച്ച ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.