പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ടെങ്കിലും ക്രഷ് തോന്നിയിട്ടുള്ള ഒരേ ഒരു നടന്‍ മോഹന്‍ലാല്‍ ആണെന്ന് തെന്നിന്ത്യന്‍ യുവനായിക അനുപമ പരമേശ്വരന്‍. തന്റെ അമ്മയും അനിയനും വലിയ മോഹന്‍ലാല്‍ ഫാന്‍ ആണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്നും അനുപമ പറഞ്ഞു. ഓണസ്റ്റ് ടൗണ്‍ഹാള്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവേ തന്റെ സെലിബ്രിറ്റി ക്രഷിനെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയായിരുന്നു നടി.
'എന്റെ അമ്മ വലിയൊരു മോഹന്‍ലാല്‍ ഫാന്‍ ആണ്. എന്റെ അനിയനും അങ്ങനെയാണ്. എനിക്ക് തോന്നുന്നു എന്നേക്കാള്‍ മോഹന്‍ലാലിനോട് ക്രഷ് ഉള്ളതെന്ന് അവനാണെന്ന്. ഇപ്പോള്‍ പോലും എന്റെ ഇന്‍സ്റ്റഗ്രാം എടുത്തു നോക്കിയാല്‍ മതി. ചേച്ചി സുഖമാണോ എന്നൊന്നും അവന്‍ ചോദിക്കില്ല. മോഹന്‍ലാലിന്റെ റീലുകളും അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങളും മാത്രമേ അവന്‍ എന്നോട് ചാറ്റ് ചെയ്യാറുള്ളൂ'.
'മോഹന്‍ലാല്‍ സാറിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. എനിക്കറിയാം, പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന്. പക്ഷേ ക്രഷ് എന്ന് പറഞ്ഞാല്‍ ക്രഷ് ആണല്ലോ' അനുപമ പറഞ്ഞു.