എന്‍എച്ച്എസിനെ 1.3 മില്യണ്‍ പൗണ്ടിന്റെ (ഏകദേശം 15 കോടി രൂപ) വ്യാജ മരുന്ന് കുറിപ്പുകളിലൂടെ കബളിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റിനും ജീവനക്കാരനും ആറുവര്‍ഷം വീതം തടവുശിക്ഷ. ജിഗ്‌നേഷ് പട്ടേല്‍ (46), റാഹില്‍ പട്ടേല്‍ (42) എന്നിവര്‍ക്കാണ് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയുടെ ശിക്ഷ. മൂന്നാഴ്ച നീണ്ട വിചാരണയ്ക്കുശേഷമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ മൂന്ന് കുറ്റങ്ങളും കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്ത രണ്ട് കുറ്റങ്ങളുമാണ് ഇരുവര്‍ക്കുമെതിരെ തെളിഞ്ഞത്.
വടക്കന്‍ ലണ്ടനിലെ വൈസ് ഫാര്‍മസിയുടെ ഉടമയായ ജിഗ്‌നേഷ് പട്ടേല്‍ ആക്റ്റിഫാം ലിമിറ്റഡ് എന്ന മരുന്ന് മൊത്തവ്യാപാര സ്ഥാപനവും നടത്തിയിരുന്നു. ആശുപത്രികളില്‍ മാത്രം സാധാരണയായി നല്‍കുന്ന വിലകൂടിയ മരുന്നുകള്‍ ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ദേശീയ ആരോഗ്യ സേവനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വ്യാജ കുറിപ്പടികള്‍ ഉപയോഗിച്ച് മരുന്നുകള്‍ സ്വന്തമാക്കി യൂറോപ്പിലെ ഫാര്‍മസ്യൂട്ടിക്കല്‍ മൊത്തവ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുകയായിരുന്നു ഇരുവരുമെന്ന് എന്‍എച്ച്എസ്സിഎഫ്എ ഓപ്പറേഷന്‍സ് ആന്‍ഡ് എന്‍ഗേജ്മെന്റ് വിഭാഗം മേധാവി ബെന്‍ ഹാരിസണ്‍ പറഞ്ഞു. ബ്രിട്ടനിലും യൂറോപ്പിലുമായി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
മരുന്നുകളുടെ കുറിപ്പടി സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍എച്ച്എസ് അധികൃതര്‍ രേഖകള്‍ പരിശോധിച്ചു. കുറിപ്പടികളില്‍ പേരുള്ള ഡോക്ടര്‍മാരുമായി നടത്തിയ പരിശോധനയില്‍, രോഗികള്‍ക്ക് ഈ മരുന്നുകള്‍ ആവശ്യമായിരുന്നുവെന്നതിന് രേഖകളില്ലെന്നും ഡോക്ടര്‍മാര്‍ അവ നിര്‍ദേശിച്ചിട്ടില്ലെന്നും വ്യക്തമായി.
സ്‌പ്രൈസല്‍, നോക്‌സാഫില്‍, അട്രിപ്ല, എവിപ്ലേറ, ടോബ്രാമൈസിന്‍, ട്രുവാഡ, വൈറീഡ് എന്നീ ഏഴ് വിലകൂടിയ മരുന്നുകളാണ് വൈസ് ഫാര്‍മസിയില്‍നിന്ന് വിതരണം ചെയ്തതായി കണ്ടെത്തിയത്. ഇത്തരം മരുന്നുകള്‍ സാധാരണ പ്രാഥമിക ആരോഗ്യപരിചരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യാറില്ല.
ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ