സൗദിയില്‍ രണ്ടിടത്ത് മിസൈല്‍ ആക്രമണം ; ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി
സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഖമീസ് മുഷൈത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. റിയാദിനു നേരെയും പുലര്‍ച്ചെ ആക്രമണമുണ്ടായി. ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സേന പ്രതിരോധിച്ചു. സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു.
ഇന്ത്യയില്‍ നിന്ന് റിയാദിലേക്കുള്ള എല്ലാ സര്‍വീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന സര്‍വീസുകള്‍ 27 വരെ റദ്ദാക്കി. ദുബായില്‍ നിന്നു ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങളും 29 വരെ റദ്ദാക്കി.
സൗദിയില്‍ ഹൂതികളുടെ മിസൈല്‍ ,ഡ്രോണ്‍ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം യുപി ഗൊരഖ്പര്‍ സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു.
എണ്ണകമ്പനിയായ അരംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ സ്വദേശിയ്ക്കും പരിക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, സൗദിയില്‍ ഹൂത്തി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാന്‍ യുഎസ് നിര്‍ദേശിച്ചു. അത്യാവശ്യജോലികളില്‍ അല്ലാത്ത യുഎസ് സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്. വിമാനത്താവളങ്ങളടക്കം ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ നിര്‍ദേശം.