കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി ബ്രിട്ടന്‍. ആദ്യമായി ഒരു വര്‍ഷത്തിനിടെ പോലീസ് രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഏഴ് മില്ല്യണ്‍ കടന്നു. ഈ വര്‍ഷം ജൂണ്‍ വരെ ഔദ്യോഗിക കണക്കുകളില്‍ 8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
ഇംഗ്ലണ്ടിലും, വെയില്‍സിലും 7,084,375 കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനിക രീതിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഏഴ് മില്ല്യണ്‍ കടക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കി.
തട്ടിപ്പ് കേസുകളുടെ എണ്ണത്തിലാണ് വന്‍വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. ഈ വിഭാഗത്തില്‍ 41 ശതമാനം കേസുകള്‍ക്ക് വര്‍ദ്ധിച്ച് 1.8 മില്ല്യണ്‍ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സൈബര്‍ കുറ്റകൃത്യങ്ങളും, തട്ടിപ്പും പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാന്‍ ആരംഭിച്ച 'റിപ്പോര്‍ട്ട് ഫ്രോഡ്' സേവനങ്ങളാണ് ഈ വര്‍ദ്ധനയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.
അതേസമയം, യുകെയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ബോഡി യുകെ ഫിനാന്‍സിന് റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പ് കേസുകളുടെ എണ്ണം 79 ശതമാനം വര്‍ദ്ധിച്ച് 1.02 മില്ല്യണിലെത്തി. തട്ടിപ്പ് കേസുകള്‍ കുതിച്ചുയരുന്നതായി ക്രൈം സര്‍വ്വെ ഓഫ് ഇംഗ്ലണ്ട് & വെയില്‍സും കണ്ടെത്തി.
4.5 മില്ല്യണ്‍ തട്ടിപ്പ് കേസുകളാണ് രാജ്യത്ത് ഈ വര്‍ഷം നടന്നതെന്ന് സര്‍വ്വെ കണ്ടെത്തി. ഇതില്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യാതെ പോയ കേസുകളുമുണ്ട്. ബാങ്ക്, ക്രെഡിറ്റ് അക്കൗണ്ട് തട്ടിപ്പുകളുടെ എണ്ണത്തില്‍ 13 ശതമാനമാണ് വര്‍ദ്ധന. ക്രിമിനലുകള്‍ ഓണ്‍ലൈനിലേക്ക് ചേക്കേറിയതോടെ യഥാര്‍ത്ഥ ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി ഒഎന്‍എസ് ഡാറ്റ പറയുന്നു. പോലീസ് രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ എണ്ണം 5.2 മില്ല്യണാണ്.