കടുത്ത കുടിയേറ്റ നിയന്ത്രണം ഭരണപക്ഷ പാര്‍ട്ടിയായ ലേബറിനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് ഉറപ്പായതോടെ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം തന്നെ മുന്‍കൈയെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കാന്‍ മടിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം.
ക്യാബിനറ്റിലെ ഭിന്നത പരിഹരിക്കാനാണ് ബേണ്‍ഹാമിന്റെ നീക്കങ്ങള്‍. വിദേശ ജോലിക്കാര്‍ക്ക് യുകെയില്‍ പെര്‍മനന്റ് റസിഡന്‍സ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കുന്നതിലാണ് പ്രധാന മാറ്റം വരിക.
വിദേശ പൗരന്‍മാര്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ ലഭിക്കാനുള്ള സയമപരിധി 5 വര്‍ഷത്തില്‍ നിന്നും 15 വര്‍ഷമായി ഉയര്‍ത്തുന്നത് പുരോഗമന വോട്ടര്‍മാരെ അകറ്റുമെന്നാണ് എതിരാളികള്‍ ഭയക്കുന്നത്. ക്യാബിനറ്റിലും, പല ലേബര്‍ എംപിമാരും നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. നിയമനിര്‍മ്മാണത്തിനായി സഭയിലെത്തിയാല്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കാനും ഇവര്‍ തയ്യാറാകുമെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് ഇമിഗ്രേഷന്‍ നിയമങ്ങളുടെ പരിഷ്‌കാരം മയപ്പെടുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുന്നത്. ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നറാണ് ഐഎല്‍ആര്‍ നല്‍കുന്നത് നിയന്ത്രിക്കുന്നത് 2021 മുതല്‍ പ്രവേശിച്ചവര്‍ക്ക് ബാധകമാക്കുന്നതിനെ പ്രധാനമായും എതിര്‍ക്കുന്നത്.