എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുട്ടികളുടെ ചികിത്സയെയും ബാധിക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിടേണ്ടി വരുന്നത്. കുട്ടികളുടെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് നേരിട്ടിരിക്കുന്നത്.
മുതിര്‍ന്നവരുടെ കാത്തിരിപ്പ് സമയം അല്‍പ്പം മെച്ചപ്പെട്ടപ്പോള്‍ കുട്ടികളും, യുവാക്കളും മറുവശത്ത് തിരിച്ചടി നേരിട്ടതായി കെയര്‍ ക്വാളിറ്റി കമ്മീഷന്റെ ആനുവല്‍ സ്റ്റേറ്റ് ഓഫ് കെയര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഡിമാന്‍ഡ് വര്‍ദ്ധിക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം താഴേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസില്‍ മാത്രം 80,000 കുട്ടികളും, യുവാക്കളുമാണ് അപ്പോയിന്റ്‌മെന്റിനായി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് 11 ഇരട്ടി അധികമാണ് ഇത്. ഇതോടെ കുട്ടികളുടെ രോഗാവസ്ഥ മോശമാകുകയും, ചികിത്സിക്കുന്നത് ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ മെച്ചപ്പെടുന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജിപി അപ്പോയിന്റ്‌മെന്റുകള്‍ കൂടുതലായി നല്‍കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഈ മെച്ചപ്പെടലിനൊപ്പം ഡിമാന്‍ഡും ഉയരുന്നത് കാര്യങ്ങള്‍ മോശമാക്കുന്നു. മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ഉള്‍പ്പെടെ രോഗികളുടെ ആവശ്യങ്ങള്‍ സങ്കീര്‍ണ്ണമാകുകയാണ്.
ഇതിനിടയിലാണ് കുട്ടികളുടെ കാത്തിരിപ്പ് സമയം നീണ്ടുപോകുന്നത് . ഹെല്‍ത്ത് വിസിറ്റര്‍, സ്‌കൂള്‍ നഴ്‌സ് എന്നിവരുടെ എണ്ണം താഴുകയാണെന്ന് സിക്യുസി വ്യക്തമാക്കി. പ്രമേഹം, ആസ്ത്മ തുടങ്ങിയവയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലെ പ്രാദേശിക വൈരുദ്ധ്യങ്ങളില്‍ റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി.