എണ്‍പത് മൈല്‍ വേഗതയില്‍ ബൊയെലോ കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിച്ചതോടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം അതിശക്തമായ മഴയും ചേര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തും ദുരിതമാണ്. യാത്രാ തടസ്സത്തിന് പുറമെ 160,000 വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.
കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച കൂടുതല്‍ മഴ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
യുകെയുടെ വെസ്റ്റേണ്‍, സതേണ്‍ തീരങ്ങളിലാണ് സാരമായ ആഘാതം നേരിടുന്നത്. സ്ഥിതി വഷളായതോടെ വീടുകള്‍ക്ക് അകത്ത് തുടരാനാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വില്‍റ്റ്ഷയറില്‍ മൂന്ന് ഇഞ്ചോളം മഴ പെയ്തതോടെ വെള്ളപ്പൊക്കം ബ്രിട്ടന്റെ പല ഭാഗത്തും നേരിടുന്നുണ്ട്. മരങ്ങള്‍ ട്രാക്കിലേക്ക് മറിഞ്ഞുവീഴുന്നത് മൂലം യാത്രാതടസ്സങ്ങളും നേരിടുന്നുണ്ട്. പല ഭാഗത്തും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയാണ്.
ബൊയെലോ കൊടുങ്കാറ്റ് അതിശക്തമായി തുടരുകയാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. നോര്‍ത്ത് മേഖലയിലാണ് അതിശക്തമായ കാറ്റ് വിനാശം സൃഷ്ടിക്കുന്നത്. ഇതിനിടെ പല ഭാഗത്തും പഴയ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന സ്ഥിതിയുണ്ട്.
നോര്‍ത്ത് മേഖലകള്‍ക്ക് ഞായറാഴ്ച രാത്രി 9 വരെയാണ് കാറ്റിനും, മഴയ്ക്കുമുള്ള മഞ്ഞ ജാഗ്രത നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, വെസ്റ്റ് ഐല്‍സ്, ഓര്‍ക്‌നി, നോര്‍ത്ത് ഇംഗ്ലണ്ട് മേഖലകളിലും മഞ്ഞ ജാഗ്രതയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഞായറാഴ്ച ഉച്ചവരെയായിരുന്നു കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പ്.
ഓസ്റ്റന്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ബൊയെലോ കൊടുങ്കാറ്റ് എത്തിയത്.
തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കാറ്റ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത്. 16,000 ല്‍ അധികം വീടുകളില്‍ ഈ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോണ്‍വാളിനെയും കാലാവസ്ഥ വലിയ രീതിയില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. ഇവിടെ ചില സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടച്ചിടുകയോ വൈകി മാത്രം പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിരുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് റെയില്‍ ഗതാഗതവും വ്യോമ ഗതാഗതവും താറുമാറായിരുന്നു