ഇംഗ്ലണ്ടിലെ പുതിയ വാടക നിയമപരിഷ്‌കരണം വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലം മാറാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. അക്കാദമിക് വര്‍ഷം മുഴുവന്‍ ഒരേ വീട്ടില്‍ തുടരേണ്ട സാഹചര്യം മാറുന്നത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണെങ്കിലും വരുമാനനഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് വീട്ടുടമകള്‍.
പുതിയ വ്യവസ്ഥകള്‍ ബാധകമായ സ്വകാര്യ വാടകവീടുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കാം. പഠനം ഉപേക്ഷിക്കേണ്ടിവരുന്നവര്‍ക്കും സര്‍വകലാശാല മാറുന്നവര്‍ക്കും ഈ സൗകര്യം ഗുണകരമാകും. അസ്യൂര്‍ഡ് പീരിയോഡിക് വാടകക്കരാര്‍ അവസാനിപ്പിക്കാന്‍ സാധാരണയായി രണ്ടുമാസത്തെ രേഖാമൂലമുള്ള നോട്ടീസ് നല്‍കണം. ഈ കാലയളവിലെ വാടകയും അടയ്‌ക്കേണ്ടതുണ്ട്.
അതേസമയം, പരീക്ഷകള്‍ കഴിഞ്ഞയുടന്‍ വിദ്യാര്‍ഥികള്‍ താമസം ഒഴിഞ്ഞാല്‍ വേനല്‍ക്കാലത്ത് വീടുകള്‍ കാലിയായി കിടക്കുമെന്നാണ് ഉടമകളുടെ ആശങ്ക. ഇതുമൂലമുള്ള നഷ്ടം നികത്താന്‍ ചിലര്‍ പ്രതിമാസ വാടക ഉയര്‍ത്തുകയോ വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍ നല്‍കുന്നത് കുറയ്ക്കുകയോ ചെയ്‌തേക്കാം. ഇത്തരമൊരു സാഹചര്യം മലയാളികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ താമസച്ചെലവ് വര്‍ധിപ്പിക്കാനും അനുയോജ്യമായ വീട് കണ്ടെത്തുന്നത് പ്രയാസകരമാക്കാനും ഇടയാക്കിയേക്കും. താമസം മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനൊപ്പം വാടകവിപണിയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമാകും.