ബജറ്റില്‍ ബാങ്കുകള്‍ക്ക് മേലുള്ള നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ പദ്ധതി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ചാന്‍സലര്‍ ജോണ്‍ ഹീലി ബജറ്റ് അവതരിപ്പിക്കാന്‍ ഇരിക്കവെയാണ് കണ്‍സര്‍വേറ്റീവുകള്‍ ഈ മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. ലേബര്‍ എംപിമാരും മുന്നറിയിപ്പുമായി രംഗത്തുണ്ട്.
റെക്കോര്‍ഡ് നിലയിലെത്തിയ ബ്രിട്ടന്റെ നികുതി ഭാരം വീണ്ടും ഉയര്‍ത്താനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് കണ്‍സര്‍വേറ്റീവുകള്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പദ്ധതികള്‍ക്കായി കൂടുതല്‍ പണം കണ്ടെത്താന്‍ വലിയ ബാങ്കുകള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താനാണ് ചാന്‍സലര്‍ ആലോചിക്കുന്നതെന്നാണ് വിവരം.
വമ്പന്‍ ലാഭം നേടുന്ന മേഖലയ്ക്ക് മേല്‍ കൂടുതല്‍ നികുതി ഈടാക്കുന്നത് പ്രശ്‌നമല്ലെന്നാണ് ഹീലി വാദിക്കുക. എന്നാല്‍ ഈ പദ്ധതി നടപ്പായാല്‍ ഭവനഉടമകളും, ബിസിനസ്സുകളും ബുദ്ധിമുട്ടുമെന്ന് ഷാഡോ ചാന്‍സലര്‍ ആന്‍ഡ്രൂ ഗ്രിഫിത്ത് മുന്നറിയിപ്പ് നല്‍കി.
ബാങ്കുകള്‍ക്ക് മേല്‍ നികുതി ചുമത്തുമ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ഈ ഭാരം കുറയ്ക്കാനാണ് അവര്‍ ശ്രമിക്കുകയെന്ന് ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു. ബാങ്കുകള്‍ ഉള്‍പ്പെടെ ബിസിനസ്സുകള്‍ക്ക് മുകളില്‍ വീണ്ടും നികുതി ചുമത്തുന്നതിനെതിരെ ലേബറിന്റെ മുന്‍ ജീവിതച്ചെലവ് മേധാവി റിച്ചാര്‍ഡ് വാക്കറും രംഗത്തെത്തി.
ഇതിനിടെ ട്രഷറിയിലെ എന്‍ട്രപ്രണര്‍ഷിപ്പ് മേധാവി അലക്‌സ് ഡിപ്ലെഡ്ജ് ഈയാഴ്ച രാജിവെയ്ക്കുമെന്ന് അറിയിച്ചത് ചാന്‍സലര്‍ക്ക് തിരിച്ചടിയായി. ഭാവിയിലെ ബിസിനസ്സുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെടുന്നുവെന്നാണ് ഇവരുടെ വിമര്‍ശനം.
അതിനിടെ ,ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കണമെന്ന ലേബര്‍ പാര്‍ട്ടിയിലെ ചില എംപിമാരുടെ ആവശ്യം ചാന്‍സലര്‍ ജോണ്‍ ഹീലി തള്ളി. തന്റെ ആദ്യ ബജറ്റില്‍ ഈ നികുതി കൂട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കമ്പനി ഓഹരികള്‍, പ്രധാന താമസവീടല്ലാത്ത മറ്റ് സ്വത്തുക്കള്‍ തുടങ്ങിയ ആസ്തികള്‍ വിലവര്‍ധനയെത്തുടര്‍ന്ന് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനാണ് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്തുന്നത്. നിലവില്‍ വരുമാന നികുതിയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് പല സാഹചര്യങ്ങളിലും ഈ നികുതി ഈടാക്കുന്നത്. രണ്ട് നികുതികളുടെയും നിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യം ലേബര്‍ പാര്‍ട്ടിയിലെ ചില പ്രമുഖര്‍ നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാല്‍, നികുതി വര്‍ധിപ്പിച്ചാല്‍ സമ്പന്നരായ നിക്ഷേപകര്‍ രാജ്യം വിടുകയോ ആസ്തികള്‍ വില്‍ക്കുന്നത് നീട്ടിവയ്ക്കുകയോ ചെയ്യാമെന്നും അതുവഴി സര്‍ക്കാരിന്റെ നികുതി വരുമാനം കുറയാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നികുതി വര്‍ധന ഒഴിവാക്കാനുള്ള നീക്കം.