13 മാസം പ്രായമുള്ള കുഞ്ഞിന് ക്രൂര പീഡനം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
പതിമ്മൂന്നു മാസം പ്രായമുള്ള മകള്‍ ഇസബെല്ല സ്റ്റാസിയാക്കിനെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മാതാപിതാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. അമ്മയുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കുകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
28കാരനായ മിഖാല്‍ സ്റ്റാസിയാക്കും 26കാരിയായ കിംഗ വുഡ്ഷിന്‍സ്‌കയും ചൊവ്വാഴ്ച വാര്‍വിക് ക്രൗണ്‍ കോടതിയില്‍ ഹാജരായി. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട 11 കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമാണ് അമ്മയ്ക്കെതിരെയുള്ള പ്രധാന കുറ്റം. കുഞ്ഞിന്റെ മരണത്തിന് കാരണമാകുകയോ മരണം തടയുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്‌തെന്ന കുറ്റവും ഗുരുതരമായ ശാരീരിക പരിക്കുകള്‍ക്ക് കാരണമാകുകയോ ചെയ്‌തെന്ന നാല് കുറ്റങ്ങളും ഇരുവര്‍ക്കുമെതിരെയുണ്ട്. കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങളും ക്രൂരമായി പെരുമാറിയെന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ കുറ്റങ്ങള്‍ നിഷേധിച്ചു.
2025 ജനുവരി ഏഴിന് പുലര്‍ച്ചെ വീട്ടില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര സേവനങ്ങളെ വിളിക്കുകയായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമാക്കി. തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍, കൈയിലെ അസ്ഥി പൊട്ടല്‍, മുഖമാസകലം പൊള്ളല്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതര പരിക്കുകളോടെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുഞ്ഞ് മരിച്ചു.
തല ശക്തമായി ഇടിച്ചതാണ് മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിലയിരുത്തിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന ഏക മുതിര്‍ന്ന വ്യക്തി അമ്മയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
കുഞ്ഞിന്റെ ജനനത്തിനു പിന്നാലെ, 2023 ഡിസംബറില്‍ തന്നെ ഇസബെല്ലയെ സാമൂഹിക സേവന വിഭാഗത്തിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു. 2024 ഏപ്രിലിലാണ് സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചത്. മാതാപിതാക്കള്‍ നേരത്തെയും പൊലീസിന്റെയും സാമൂഹിക സേവന വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് കോടതിയില്‍ അറിയിച്ചു. 2024 ഒക്ടോബറില്‍ അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയിരുന്നു
കുഞ്ഞിന്റെ മരണത്തിന് മുമ്പ് ശാരീരിക പീഡനം, അവഗണന, മോശമായ പെരുമാറ്റം എന്നിവയെന്ന് പൊലീസ് വ്യക്തമാക്കി.