ബ്രിട്ടന്റെ ഭാവി യൂറോപ്യന്‍ യൂണിയനുള്ളിലാണെന്ന് മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബ്രക്‌സിറ്റ് ബ്രിട്ടനെ കൂടുതല്‍ ദരിദ്രവും ദുര്‍ബലവും സുരക്ഷിതത്വം കുറഞ്ഞതുമായ രാജ്യമാക്കി മാറ്റിയെന്നും അവര്‍ വിമര്‍ശിച്ചു. ട്രഷറിയുടെ ചുമതല ഒഴിഞ്ഞശേഷമുള്ള ആദ്യത്തെ പ്രധാന രാഷ്ട്രീയ ഇടപെടലിലാണ് റീവ്‌സ് നിലപാട് വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ഭാവിബന്ധത്തെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. 'ബ്രിട്ടന്റെ ഭാവി യൂറോപ്യന്‍ യൂണിയനിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന് സണ്‍ഡേ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ റീവ്‌സ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുതന്നെ തുടരുമെന്നും ബ്രക്‌സിറ്റ് വിജയകരമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഭാവിബന്ധം സംബന്ധിച്ച് സത്യസന്ധമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ വീണ്ടും തുറക്കാന്‍ താല്‍പര്യമില്ലെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാട്. യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ അടുക്കാന്‍ ജനവിധിയില്ലെന്ന് റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗെയും പ്രതികരിച്ചു.
യൂറോപ്യന്‍ യൂണിയനിലേക്കുള്ള തിരിച്ചുപോക്ക്, സ്വതന്ത്ര സഞ്ചാരാവകാശം, ഏകവിപണി അംഗത്വം, കസ്റ്റംസ് യൂണിയന്‍ എന്നിവ പുനഃസ്ഥാപിക്കുന്നത് 2024ലെ ലേബര്‍ പ്രകടനപത്രികയില്‍ ഒഴിവാക്കിയിരുന്നു. യൂറോപ്യന്‍ ബന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജനവിധി ആവശ്യമായി വരുമെന്നും ബേണ്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്.