അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വിമാനാപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലെ നോര്‍ത്ത് എല്യൂതെറയിലേക്ക് സര്‍വീസ് നടത്തിയ ലിയര്‍ജെറ്റ് 60 വിമാനമാണ് പാം ബീച്ച് കൗണ്ടിയില്‍ തകര്‍ന്നുവീണത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെയായിരുന്നു അപകടം. ജനവാസ മേഖലയിലേക്ക് വിമാനം പതിച്ചതിനെത്തുടര്‍ന്ന് വലിയ തീപിടിത്തവും പുകയും ഉയര്‍ന്നു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തില്‍ ഐസ് അടിഞ്ഞുകൂടുന്നതായും ശക്തമായ ടര്‍ബുലന്‍സ് അനുഭവപ്പെടുന്നതായും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ അതിവേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. മിനിറ്റില്‍ 10,000 അടി വേഗത്തില്‍ താഴേക്ക് ഇറങ്ങുന്നതായും പിന്നീട് വേഗത 20,000 അടിയായി ഉയര്‍ന്നതായും പൈലറ്റ് അറിയിച്ചിരുന്നു. നിലത്തേക്ക് പതിക്കാന്‍ പോകുകയാണെന്നും ഇനി സമയമില്ലെന്നുമായിരുന്നു അവസാന സന്ദേശം.
വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടസ്ഥലത്തിന് സമീപമുള്ള മൊബൈല്‍ ഹോം മേഖലയിലെ മുന്നൂറിലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അപകടത്തില്‍ പ്രദേശത്തുള്ളവര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ, വിമാനത്തിലെ ഐസിങ്, ശക്തമായ ടര്‍ബുലന്‍സ് തുടങ്ങിയവ അപകടത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.