ചാണക കുഴിക്ക് 3 ലക്ഷം , തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം ; പിണറായി കാലത്തെ ക്ലിഫ് ഹൗസ് നവീകരണ ചെലവ് ഞെട്ടിക്കുന്നത്
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാനുള്ള പ്രവൃത്തി ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചതിലെ ക്രമക്കേടു പുറത്ത്. 29 ലക്ഷം രൂപയുടെ പ്രവൃത്തി ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഫോണില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം. ഇക്കാര്യം പരാമര്‍ശിക്കുന്ന ടൂറിസം ഡയറക്ടറുടെ 2017 നവംബറിലെ നടപടി ക്രമത്തിന്റെ രേഖ വിവരാവകാശ നിയമ പ്രകാരമാണ് പുറത്തുവന്നത്.
നീന്തല്‍ക്കുളം നവീകരണം, മേല്‍ക്കൂര സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഒരാഴ്ചത്തെ ഇടവേളയില്‍ ഏല്‍പ്പിച്ചുകൊടുത്തത്. പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു അഡീഷണല്‍ പിഎസ് ഫോണില്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പ്രവൃത്തികള്‍ ഊരാളുങ്കലിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് ഡയറക്ടറുടെ നടപടിക്രമത്തില്‍ പറയുന്നത്. ആ ഘട്ടത്തില്‍ അഞ്ച് അഡീഷണല്‍ പിഎസുമാരാണുണ്ടായിരുന്നത്. ഇവരില്‍ ആരുടെ ഫോണ്‍ കോള്‍ എന്നു ടൂറിസം വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതല്‍ 2021 വരെ ഈ നീന്തല്‍ക്കുളം പരിപാലിക്കാനായി ടൂറിസം വകുപ്പ് 12.48 ലക്ഷം രൂപ ഇതിനു പുറമേ ചെലവിട്ടു. 41.48 ലക്ഷം രൂപയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയും കുടുംബവും നീന്തല്‍ക്കുളം ഉപയോഗിച്ചതിനു ടൂറിസം വകുപ്പിനുണ്ടായ ആകെ ചെലവ്.
2023 ല്‍ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ചെലവായത് 39.47 ലക്ഷം രൂപ. ചാണക കുഴിയിലുണ്ടായതു മൂന്നുലക്ഷത്തിന്. തൊഴുത്തില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ചെലവായതു 3.68 ലക്ഷം. 2021-26 കാലത്തു ക്ലിഫ് ഹൗസിലെ ഇലക്ട്രിക്കല്‍ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രം 25.68 ലക്ഷം ചെലവായി. എസ് സ്ഥാപിക്കാനും പരിപാലിക്കാനും മാത്രമായി 8 ലക്ഷമാണ് മുടക്കിയത്. പെരുവ മുളക്കുളം സൗത്ത് സ്വദേശി എംടി തോമസാണ് ആര്‍ടിഐ പ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്.