ഇമിഗ്രേഷന്‍

ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ കെയര്‍ ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടില്ല; മലയാളികള്‍ക്കു ആശ്വാസം

ബ്രിട്ടനിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. ഏറെ കാത്തിരിപ്പിനൊടുവില്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ഷബാന മഹ്മൂദ് വ്യക്തത വരുത്തിയതോടെയാണ് 3 ലക്ഷത്തോളം വരുന്ന വിദേശ കെയര്‍ ജീവനക്കാര്‍ക്ക് 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സെറ്റില്‍മെന്റ് നേടാന്‍ അപേക്ഷ നല്‍കാമെന്ന് ഉറപ്പായത്.

ലേബര്‍ പാര്‍ട്ടിയിലെ വിമതസ്വരമാണ് വിദേശ കെയര്‍ ജീവനക്കാര്‍ക്ക് അനുഗ്രഹമായി മാറിയത്. വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനില്‍ സെറ്റില്‍മെന്റ് നേടാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച യഥാര്‍ത്ഥ പദ്ധതി ഉയര്‍ത്തിയ ഭീഷണി. എന്നാല്‍ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നറിന്റെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടി എംപിമാര്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചു.

ഇതോടെയാണ് ഹോം സെക്രട്ടറി പുതിയ സ്‌കീം പ്രഖ്യാപിച്ചത്. നിലവില്‍ ബ്രിട്ടനിലുള്ള 282,000 വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ യോഗ്യതാ കാലയളവില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായി അപേക്ഷിക്കാം. അഞ്ച് വര്‍ഷം താമസിച്ച ശേഷം ഐഎല്‍ആര്‍ യോഗ്യത നേടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പുതിയ വിസ ലഭിക്കും. ഇതുവഴി പെര്‍മനന്റ് റസിഡന്‍സിന് യോഗ്യത തെളിയിക്കാന്‍ രണ്ടാമത്തെ അവസരം വിനിയോഗിക്കാം.

നിലവിലെ അഞ്ച് വര്‍ഷത്തെ റൂട്ട് പൊതുമേഖലാ രംഗത്ത് ജോലി ചെയ്യുന്ന വിദേശ പൗരന്‍മാര്‍ക്ക് തുടര്‍ന്നും ലഭ്യമാകും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള ടീച്ചിംഗ് അസിസ്റ്റന്റ്, പോഡിയാട്രിസ്റ്റ്, നഴ്‌സിംഗ് ഓക്‌സിലറികള്‍ എന്നിവര്‍ക്ക് ഈ റൂട്ട് വിനിയോഗിക്കാം.

അതേസമയം, കുറഞ്ഞ യോഗ്യത ആവശ്യമുള്ള മറ്റ് ജോലികള്‍ ചെയ്യുന്ന 50,000 പൗണ്ടില്‍ താഴെ വരുമാനം നേടുന്ന വിദേശ പൗരന്‍മാര്‍ക്ക് 10 വര്‍ഷം ഐഎല്‍ആര്‍ കാത്തിരിപ്പ് വേണ്ടിവരും. കുറഞ്ഞ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് സെറ്റില്‍മെന്റിന് 15 വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. പകരം ഇത് പത്ത് വര്‍ഷമാക്കി ചുരുക്കി. മഹാമാരി കാലത്ത് യുകെയുടെ കെയര്‍ മേഖലയിലേക്ക് ഒഴുകിയെത്തിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കെയര്‍ ജീവനക്കാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ നിലപാട് മാറ്റം പ്രയോജനപ്പെടും.

2022 മുതല്‍ 2024 വരെ ഹെല്‍ത്ത് & കെയര്‍ റൂട്ടില്‍ 616,000 വിസകളാണ് ഡിപ്പന്‍ഡന്റ്‌സിന് ഉള്‍പ്പെടെ അനുവദിച്ചത്. യഥാര്‍ത്ഥ പദ്ധതികള്‍ മാറിയതോടെ ഇവര്‍ക്ക് ബ്രിട്ടനില്‍ സെറ്റില്‍മെന്റിന് സാധ്യത തെളിയും.

2025 മേയിന് മുന്‍പ് ഈ റൂട്ടിലൂടെ രാജ്യത്ത് പ്രവേശിച്ച കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് ഇളവ്. പ്രതിവര്‍ഷം 25,000 പൗണ്ടെങ്കിലും വാര്‍ഷിക വരുമാനവും, വിസാ നിബന്ധനകളും പാലിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ.

  • പെര്‍മനന്റ് സെറ്റില്‍മെന്റ്: സര്‍ക്കാര്‍ പദ്ധതിക്കെതിരെ ക്യാബിനറ്റില്‍ ഭിന്നത
  • കുടിയേറ്റ നിയന്ത്രണം കടുപ്പിച്ചു ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നിര്‍ത്തി
  • പിആര്‍ നിയമ മാറ്റം; ചില വിഭാഗങ്ങള്‍ക്ക്‌ ഇളവ് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • ഇ-ഒസിഐ കാര്‍ഡ് പ്രാബല്യത്തില്‍; ഒസിഐ കാര്‍ഡുള്ള 50 ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കാത്തിരിപ്പ് സമയം ദീര്‍ഘിപ്പിക്കരുതെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് കമ്മിറ്റി
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions