ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അടുത്ത വര്‍ഷം വലിയ കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവാണ് നേരിടേണ്ടി വരുക. ബിന്‍ കളക്ഷന്‍, റോഡ് മെയിന്റനന്‍സ്, പോലീസിംഗ്, സോഷ്യല്‍ കെയര്‍ പോലുള്ള പൊതുസേവനങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സ് ഈടാക്കുന്നത്.
എല്ലാ വര്‍ഷവും ഏപ്രില്‍ 1-ന് കൗണ്‍സില്‍ ടാക്‌സുകള്‍ വര്‍ദ്ധിക്കും. 5% വരെയാണ് കൗണ്‍സിലുകള്‍ക്ക് ഹിതപരിശോധന കൂടാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുക. ഈ വര്‍ഷം ഇംഗ്ലണ്ടിലെ ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികളുടെ ശരാശരി കൗണ്‍സില്‍ ടാക്‌സ് 2392 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചത്. 111 പൗണ്ട് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
അടുത്ത വര്‍ഷവും റെക്കോര്‍ഡ് തോതില്‍ കൗണ്‍സില്‍ ടാക്‌സ് ഉയരുമെന്നാണ് കരുതുന്നത്. ഏത് സ്ഥലത്താണ് താമസം എന്നത് അനുസരിച്ചാണ് ഈ നികുതി നിശ്ചയിക്കപ്പെടുന്നത്. അതേസമയം തെറ്റായ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡുകളില്‍ പെടുന്നതിനാല്‍ കൂടുതല്‍ നികുതി നല്‍കുന്ന ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികളുണ്ട്.
വര്‍ഷങ്ങളായി ഈ വിധത്തില്‍ അധിക നികുതി അടയ്ക്കുന്നുണ്ടെങ്കില്‍ ഈ തുക തിരിച്ചുപിടിക്കാന്‍ സാധിക്കും. എ മുതല്‍ എച്ച് വരെയാണ് നിലവിലെ കൗണ്‍സില്‍ ബാന്‍ഡുകള്‍. ഗവണ്‍മെന്റിന്റെ കൗണ്‍സില്‍ ടാക്‌സ് ബാന്‍ഡ് വഴി നിങ്ങളുടെ പ്രോപ്പര്‍ട്ടി ഇത് ബാന്‍ഡില്‍ പെടുന്നുവെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തൊട്ടടുത്തുള്ള സമാനമായ വീടുകള്‍ ഏത് ബാന്‍ഡില്‍ പെടുന്നുവെന്നും നോക്കുക. ഇതില്‍ വ്യത്യാസം കണ്ടാല്‍ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ തന്നെ ഇത് ചോദ്യം ചെയ്യാനും സാധിക്കും.