വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഡെമോക്രാറ്റുകള്‍ക്ക് നിര്‍ണായക മുന്നേറ്റം. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡെമോക്രാറ്റുകള്‍ സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ ഭരണശൈലിക്കെതിരായ ജനവിധിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ക്കും പരാജയം നേരിടേണ്ടിവന്നു.
ടെക്സസ്, കാന്‍സസ്, സൗത്ത് കരോലിന, ഒഹായോ, നോര്‍ത്ത് കരോലിന, ഐയോവ തുടങ്ങിയ റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളില്‍ ഡെമോക്രാറ്റുകള്‍ മുന്നേറ്റം നടത്തി. 1932ന് ശേഷം ഇതാദ്യമായാണ് കാന്‍സസില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകള്‍ മറികടന്ന ഡെമോക്രാറ്റുകള്‍ക്ക് സെനറ്റിലും ആധിപത്യം ഉറപ്പിക്കാനായി. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ക്ക് മികച്ച നേട്ടമുണ്ടായി. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ ട്രംപ് ക്യാമ്പിന് വലിയ ആഘാതമായി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിലയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയായിരുന്നു ഡെമോക്രാറ്റുകളുടെ മുന്നേറ്റം.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വീറ്റോ ചെയ്യുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് 'വീറ്റോ' എന്ന് രേഖപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ ചിത്രം പങ്കുവെച്ചത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ വലിയ വിജയം നേടിയതോടെ വീറ്റോ അധികാരം മാത്രമുള്ള പ്രസിഡന്റായി ആയിരിക്കും ട്രംപിന് തുടരാനാകുക. ഒരു ഔദ്യോഗിക നടപടിയെയോ നിയമനിര്‍മ്മാണത്തെയോ ഏകപക്ഷീയമായി തടയാനോ, നിരസിക്കാനോ ഒരു പ്രത്യേക വ്യക്തിക്കോ സമിതിക്കോ നല്‍കപ്പെട്ടിട്ടുള്ള നിയമപരമായ അധികാരമാണ് 'വീറ്റോ'.
237 വര്‍ഷത്തെ അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി സെനറ്റിലേക്ക് ഒരു മുസ്‌ലിം പ്രതിനിധി വിജയിച്ചു. മിഷിഗണില്‍ നിന്ന് വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അബ്ദുള്‍ അല്‍ സയീദാണ് ചരിത്രം കുറിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ വിദ്വേഷ പ്രചാരണങ്ങളായിരുന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സയീദിനെതിരെ നടത്തിയിരുന്നത്. ജിഹാദിസ്റ്റ് എന്ന് വിളിച്ചായിരുന്നു അബ്ദുള്‍ സയീദിനെ ട്രംപ് അധിക്ഷേപിച്ചിരുന്നത്. അമേരിക്കന്‍ തൊഴിലാളികളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടേയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് അബ്ദുള്‍ അല്‍ സയീദ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന രാഷ്ട്രീയത്തെയാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയുന്ന നേതാക്കളെയാണ് അവര്‍ തേടുന്നത്. അമേരിക്കന്‍ ജനത ഒരു വ്യക്തമായ സന്ദേശം നല്‍കിയിരിക്കുന്നു എന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വലിയ വിജയത്തിന് പിന്നാല ഒബാമ പ്രതികരിച്ചു. ഒരുകാലത്ത് വിജയിക്കാന്‍ സാധ്യത തീരെ കുറവാണെന്ന് കരുതിയിരുന്ന മേഖലകളില്‍ പോലും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ ധൈര്യം കാണിച്ചു. ഈ ഭരണകൂടത്തിന് അധികാരത്തില്‍ ഇനിയും രണ്ട് വര്‍ഷം കൂടിയുണ്ട്. അതിനാല്‍, ഇപ്പോള്‍ നാം കഠിനാധ്വാനത്തിന് സജ്ജരാകേണ്ടതുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയുന്നതിനും, ഭാവിയിലേക്കുള്ള അടിത്തറ പാകുന്നതിനുമായി നാം പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി പ്രതിനിധികളോട് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു
ഇടക്കാല തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം ഇറാന്‍ യുദ്ധമെന്ന് സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. ഇന്ധന വില വര്‍ധന തിരിച്ചടിയായി. താല്‍ക്കാലിക വില വര്‍ധന ജനം അംഗീകരിച്ചില്ല. എന്നാല്‍ ഇറാനില്‍ താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും യുദ്ധത്തില്‍ ഖേദമില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ കോണ്‍ഗ്രസിലെ അസംബന്ധമായ കാര്യങ്ങള്‍ വീറ്റോ ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. കുറച്ചു മാസങ്ങളോളം ഇങ്ങനെ തള്ളിക്കളയലുകള്‍ തുടരുമ്പോള്‍ ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കാം എന്ന് അവര്‍ എന്നെ വിളിച്ച് ചോദിക്കും. അപ്പോള്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.