തൊഴില്‍ വിപണിയിലെ വിവേചനം അവസാനിപ്പിച്ച് ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ശമ്പളത്തോടെയുള്ള ജോലികള്‍ സൃഷ്ടിക്കുകയും സബ്‌സിഡി നല്‍കുകയും വേണമെന്ന് നിര്‍ദേശം. യുവജന തൊഴില്‍ മേഖലയെക്കുറിച്ച് അലന്‍ മില്‍ബേണ്‍ തയ്യാറാക്കുന്ന അവലോകന റിപ്പോര്‍ട്ടിലാണ് സുപ്രധാന ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തുന്നത്.
16നും 24നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്കും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ 'ഫ്‌ലെക്‌സി ജോബ്‌സ്' സംവിധാനം നടപ്പാക്കണമെന്നാണ് പ്രധാന നിര്‍ദേശം. തൊഴില്‍ സബ്‌സിഡി, നൈപുണ്യ പരിശീലനം, കൂടുതല്‍ പിന്തുണ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കണം.
ബ്രിട്ടനില്‍ വിദ്യാഭ്യാസത്തിലോ ജോലിയിലോ പരിശീലനത്തിലോ ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം ഏകദേശം പത്ത് ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇവരില്‍ 45 ശതമാനത്തോളം പേര്‍ ഭിന്നശേഷിക്കാരോ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരോ ആണ്. മറ്റ് യുവാക്കളെ അപേക്ഷിച്ച് ഭിന്നശേഷിക്കാര്‍ തൊഴില്‍രഹിതരായി തുടരാനും വിദ്യാഭ്യാസ-പരിശീലന മേഖലകളില്‍ നിന്ന് പുറത്താകാനും മൂന്നിരട്ടി സാധ്യതയുണ്ടെന്നാണ് കണക്ക്.
യുവാക്കള്‍ക്കിടയിലെ തൊഴില്‍ പങ്കാളിത്ത കുറവ് ധാര്‍മികവും സാമ്പത്തികവുമായ പ്രതിസന്ധിയാണെന്ന് മുന്‍ ലേബര്‍ മന്ത്രിയായ അലന്‍ മില്‍ബേണ്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഭിന്നശേഷിക്കാരുടെ ആരോഗ്യസ്ഥിതിയിലെ മാറ്റങ്ങള്‍ പരിഗണിച്ച് പാര്‍ട്ട് ടൈം ജോലികളും വഴക്കമുള്ള തൊഴില്‍ സാഹചര്യങ്ങളും ഒരുക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ട് വ്യക്തമാക്കും.