വാഷിംഗ്‌ടണ്‍: ലോസ് എയ്ഞ്ചല്‍സിലെ ആദ്യ ഏഷ്യന്‍ - അമേരിക്കന്‍ മേയറായി നിത്യ രാമന്‍. നിലവിലെ മേയറായ കരേന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് കേരളത്തില്‍ ജനിച്ചുവളര്‍ന്ന നിത്യ വിജയിച്ചത്. 51.1 ശതമാനം വോട്ടുകള്‍ നേടിയാണ് നിത്യ വിജയിച്ചതെന്നാണ് എച്ച്‌ക്യു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 48.33 ശതമാനം വോട്ടുകളാണ് കരേന്‍ ബാസിന് ലഭിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലാണ് നിത്യ രാമന്‍. നിത്യയുടെ അച്ഛന്റെ നാട് തിരുവനന്തപുരവും അമ്മയുടേത് തൃശൂരുമാണ്. തിരുവനന്തപുരം കെല്‍ട്രോണില്‍ എഞ്ചിനീയറായിരുന്നു പിതാവ് വെങ്കിട്ടരാമന്‍. തൃശൂരില്‍ ജനിച്ചെങ്കിലും രണ്ടരവയസുവരെ തിരുവനന്തപുരത്താണ് നിത്യ താമസിച്ചിരുന്നത്. ഉന്നതപഠനത്തിനായി വെങ്കിട്ടരാമന്‍ അമേരിക്കയിലേക്ക് പോയപ്പോഴാണ് നിത്യയും അമ്മ സുധ കേച്ചേരിയും തൃശൂരിലെത്തിയത്.
നടന നികേതനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലായിരുന്നു എല്‍കെജി മുതല്‍ ഒന്നാം ക്ലാസ് വരെയുള്ള പഠനം. ആറാം വയസില്‍ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലെത്തിയ നിത്യ നൃത്തത്തോടുള്ള ഇഷ്‌ടം കാരണം നാല് വര്‍ഷത്തോളം ഇവിടെ താമസിച്ചു. ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് ഭരതനാട്യം പഠിച്ചു. ഹോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ വാലി ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. 2010ല്‍ ബംഗളൂരുവില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശൂരിലെ വിവിധ ശാഖകളില്‍ ജോലി ചെയ്‌തിട്ടുണ്ട്. നിത്യയുടെ സഹോദരന്‍ ആകാശ് രാമന്‍ ന്യൂയോര്‍ക്കിൽ ഫിനാന്‍ഷ്യല്‍ മേഖലയിലാണ്.