സ്ത്രീകളെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സ്മാര്‍ട്ട് ഗ്ലാസുകള്‍ രഹസ്യമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്നതായുള്ള പരാതികള്‍ കൂടുന്ന സാഹചര്യത്തില്‍ അവയുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ചില പ്രത്യേക സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഗ്ലാസുകളുടെ ഉപയോഗം നിരോധിക്കുന്നതിനും നിശ്ചിത വിഭാഗം ആളുകള്‍ക്ക് ഇവ വില്‍ക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സത്വീര്‍ കൗര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ക്യാമറ, മൈക്രോഫോണ്‍, ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് നടപടി പരിഗണിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
രാത്രികാലങ്ങളില്‍ പുറത്തുപോയി മടങ്ങിയെത്തുന്ന സ്ത്രീകള്‍, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതായി കണ്ടെത്തുന്ന സംഭവങ്ങളുണ്ടെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംപിയും പാര്‍ട്ടിയുടെ സാംസ്കാരിക വക്താവുമായ അന്ന സബീന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് പുരുഷന്മാര്‍ സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കുന്നതായാണ് പരാതികള്‍. രഹസ്യമായി ചിത്രീകരിക്കാനുള്ള സൗകര്യം ഇത്തരം ഉപകരണങ്ങളുടെ പരസ്യങ്ങളില്‍ പ്രധാന സവിശേഷതയായി അവതരിപ്പിക്കുന്നതും ആശങ്കാജനകമാണെന്ന് അവര്‍ പറഞ്ഞു. കോടതികളില്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും നിയമലംഘനമാകാമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലും ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്‍എച്ച്എസും വിദ്യാഭ്യാസ വകുപ്പും പരിശോധിക്കുന്നുണ്ട്
അതേസമയം, കാഴ്ചപരിമിതിയുള്ളവര്‍ക്ക് ചുറ്റുപാടുകള്‍ തിരിച്ചറിയാനും ദൈനംദിന ജീവിതം കൂടുതല്‍ സുഗമമാക്കാനും സ്മാര്‍ട്ട് ഗ്ലാസുകള്‍ സഹായിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങളും ദുരുപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളും ഒരുപോലെ പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ കണ്ണടയില്‍ ഉള്‍പ്പെടുത്തിയ ടെലിപ്രോംപ്റ്റര്‍ സംവിധാനം ഉപയോഗിച്ച വെയില്‍സ് രാഷ്ട്രീയ നേതാവ് ജേസണ്‍ ഒ’കോണലിന്റെ നടപടിയും സ്മാര്‍ട്ട് ഗ്ലാസുകളുടെ പ്രായോഗിക ഉപയോഗത്തിന് ഉദാഹരണമായി വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു.