കൊച്ചി: യുവനടി അതുല്യ ചന്ദ്രയും നടന്‍ ബിബിന്‍ പെരുമ്പിള്ളിയും ഉള്‍പ്പെട്ട ഫ്ലാറ്റിലെ ബ്ലാക്ക്മെയിലിങ് കേസില്‍ വന്‍ വഴിത്തിരിവ്. തന്നെ മര്‍ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടര്‍ കേസ് നല്‍കിയതിന് പിന്നാലെയാണ്, മര്‍ദനക്കേസിലെ പ്രതികളിലൊരാളുടെ ബന്ധുവായ തൃപ്പൂണിത്തുറ സ്വദേശിനിയായ 50-കാരി പോലീസില്‍ ഡോക്ടര്‍ക്കെതിരേ പീഡന പരാതി നല്‍കുന്നത്.
മദ്യം നല്‍കി അവശയാക്കിയശേഷം, മറ്റൊരു ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരി മുന്‍പ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഡോ.ജോണ്‍സണ്‍ വര്‍ഗീസിന്റെ ലൈംഗിക അതിക്രമത്തിന് കൂടുതല്‍ സ്ത്രീകള്‍ ഇരകളായെന്നു പൊലീസിന് വിവരം ലഭിക്കുന്നത്. ഡോക്ടറുടെ ഫോണില്‍ നിന്ന് 12 ലധികം സ്ത്രീകളുടെ ഒപ്പമുള്ള അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പരാതി കിട്ടിയേക്കുമെന്ന് പോലീസ് പറഞ്ഞു.
രോഗികളും ബന്ധുക്കളുമാണ് ജോണ്‍സണിന്റെ ഇരകള്‍. ലഹരി നല്‍കിയതിന് ശേഷമാണ് പീഡനം. മദ്യത്തിന് പുറമെ സൈക്കോട്രോഫിക് മരുന്നുകളും ഉപയോഗിച്ചുവെന്ന സൂചനയുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് യുവതികള്‍ പരാതി നല്‍കിയാല്‍ ഡോക്ടര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഡോ. ജോണ്‍സണ്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
യുവനടിയും സുഹൃത്തായ നടനും ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ അടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ന്നെന്ന കേസിലാണ് കഴിഞ്ഞദിവസം നിര്‍ണായക വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടര്‍ക്കെതിരെ പിന്നീട് പീഡനപരാതിയുമായി രംഗത്തെത്തിയത്.
ബന്ധുവിന് ചികിത്സ നല്‍കാനെന്ന പേരില്‍ യുവനടിയും സംഘവും ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട് വാച്ച്, ഇയര്‍പോഡ്‌സ് എന്നിവ കവര്‍ന്നെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് സത്യം പുറത്തുവന്നത്.