സതാംപ്ടണില്‍ 18കാരനായ ഹെന്റി നൊവാക്കിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ പ്രതി വിക്രം ദിഗ്വയുടെ ശിക്ഷ അപ്പീല്‍ കോടതി വര്‍ധിപ്പിച്ചു. നേരത്തെ വിധിച്ച ശിക്ഷ കുറഞ്ഞതാണെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞത് ജയിലില്‍ കഴിയേണ്ട കാലാവധി 21 വര്‍ഷത്തില്‍നിന്ന് 25 വര്‍ഷമായി ഉയര്‍ത്തി. റിമാന്‍ഡ് കാലയളവ് കുറച്ചതോടെ 24 വര്‍ഷവും 190 ദിവസവുമാണ് പുതുക്കിയ ശിക്ഷ.
23കാരനായ വിക്രം ദിഗ്വ കഴിഞ്ഞ ഡിസംബറിലാണ് ഹെന്റി നൊവാക്കിനെ കത്തി ഉപയോഗിച്ച് പലതവണ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസിനോട് ഹെന്റി വംശീയമായി അധിക്ഷേപിക്കുകയും തന്റെ തലപ്പാവ് തട്ടിമാറ്റുകയും ചെയ്തുവെന്ന് പ്രതി കള്ളം പറഞ്ഞു. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഹെന്റിയെ പൊലീസ് ആദ്യം കൈവിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഹെന്റിയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അടിയന്തര സേവന വിഭാഗങ്ങളോട് തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. സംഭവം സതാംപ്ടണില്‍ കലാപങ്ങള്‍ക്കും വഴിവെച്ചിരുന്നു.
അറ്റോര്‍ണി ജനറല്‍ എല്ലി റീവ്‌സിന്റെ അപ്പീലിലാണ് കോടതി ശിക്ഷ പുനഃപരിശോധിച്ചത്. ആയുധമില്ലാത്ത യുവാവിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ആവര്‍ത്തിച്ച് കുത്തിയതും കൊലപാതകത്തിന് പിന്നാലെ നടത്തിയ ക്രൂരതയും നീതിന്യായ നടപടികളെ തടസ്സപ്പെടുത്താനുള്ള ശ്രമവും വിചാരണക്കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ലേഡി ജസ്റ്റിസ് കാര്‍ വ്യക്തമാക്കി.