യുകെയില്‍ വരും ദിവസങ്ങളില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അന്തരീക്ഷത്തിലെ ഉയര്‍ന്ന പാളിയില്‍ രൂപപ്പെടുന്ന പോളാര്‍ വോര്‍ട്ടക്‌സിലുണ്ടായ അസാധാരണ മാറ്റമാണ് ആശങ്കയ്ക്ക് കാരണം. ഈ പ്രതിഭാസം ശക്തമായാല്‍ ബ്രിട്ടനിലേക്കും യൂറോപ്പിലേക്കും ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റ് എത്താന്‍ സാധ്യതയുണ്ട്. നവംബറില്‍ മഞ്ഞുവീഴ്ച ഉണ്ടായാലും അത്ഭുതം വേണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്
അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയര്‍ പാളിയില്‍ ചുറ്റിത്തിരിയുന്ന ശക്തമായ കാറ്റിന്റെ വലയമാണ് പോളാര്‍ വോര്‍ട്ടക്‌സ്. പോളാര്‍ വോര്‍ട്ടക്‌സ് ശക്തമായിരിക്കുമ്പോള്‍ ബ്രിട്ടനില്‍ താരതമ്യേന ചൂടും മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥയാണ് സാധാരണ അനുഭവപ്പെടുന്നത്. എന്നാല്‍ ഇത് ദുര്‍ബലമാകുമ്പോള്‍ ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള അതിശൈത്യമുള്ള വായു തെക്കോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്.
പോളാര്‍ വോര്‍ട്ടക്‌സില്‍ ഇപ്പോള്‍ അസാധാരണമായ തടസ്സം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് മെറ്റ് ഓഫീസ് വക്താവ് അറിയിച്ചു.
പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില സാധാരണയേക്കാള്‍ ഉയരുന്ന എല്‍ നിനോ പ്രതിഭാസവും ഈ മാറ്റത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. എല്‍ നിനോ യൂറോപ്പിലെ കാലാവസ്ഥാ രീതികളെയും സ്വാധീനിക്കാറുണ്ട്.എന്നാല്‍ പോളാര്‍ വോര്‍ട്ടക്‌സിലെ മാറ്റം മാത്രം അടിസ്ഥാനമാക്കി ബ്രിട്ടനില്‍ ഉറപ്പായും മഞ്ഞുവീഴ്ചയോ അതിശൈത്യമോ ഉണ്ടാകുമെന്ന് പറയാനാകില്ല. വരും ആഴ്ചകളിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ നിര്‍ണായകമാകും.
ഇതിനകം മൂന്ന് കൊടുങ്കാറ്റുകള്‍ യുകെയെ തേടിയെത്തിയതോടെ തണുപ്പ് കാലാവസ്ഥ വ്യാപകമായിരുന്നു.
തുടര്‍ച്ചയായി മൂന്ന് കൊടുങ്കാറ്റുകള്‍ ശക്തമായ മഴയാണ് രാജ്യത്ത് എത്തിച്ചത്. കനത്ത കാറ്റ് സ്‌കോട്ട്‌ലണ്ട് ഉള്‍പ്പെടെ മേഖലകളില്‍ വലിയ നാശം വിതയ്ക്കുകയും ചെയ്തിരുന്നു.