നടന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പീഡന കേസുകളില്‍ അന്വേഷണം
ബ്രിട്ടീഷ് ഹാസ്യനടനും അവതാരകനുമായ റസ്സല്‍ ബ്രാന്‍ഡിനെതിരെ കൂടുതല്‍ പേര്‍ പീഡന പരാതികളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി സര്‍ മാര്‍ക്ക് റൗളി. റസ്സല്‍ ബ്രാന്‍ഡ് ഒരു ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമ കേസുകളിലും കുറ്റക്കാരനാണെന്ന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. രണ്ട് ബലാത്സംഗ ആരോപണങ്ങളിലും ഒരു ലൈംഗികാതിക്രമ ശ്രമക്കേസിലും ഇയാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. 51 വയസ്സുകാരനായ ബ്രാന്‍ഡിന്റെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ബ്രാന്‍ഡിനെതിരെ നിലവില്‍ രണ്ട് ബലാത്സംഗ കേസുകളില്‍ കൂടി പൊലീസ് അന്വേഷണം നടക്കുന്നണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് ബ്രാന്‍ഡിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
പരാതിയുമായി മുന്നോട്ടുവന്ന സ്ത്രീകളുടെ ധൈര്യത്തെ പൊലീസ് അഭിനന്ദിക്കുകയും ചെയ്തു.
പ്രശസ്ത വ്യക്തിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇതിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും അധികാരവും സ്വാധീനവും ദുരുപയോഗം ചെയ്യുന്നതാണ് ലൈംഗികാതിക്രമ കേസുകളില്‍ പലതിന്റെയും അടിസ്ഥാനമെന്ന് മാര്‍ക്ക് റൗളി പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.