കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ കൈവശംവെച്ചെന്ന കേസില്‍ അറസ്റ്റിലായ തോമസ് മാര്‍ക്കിളിനെ വീണ്ടും ഫെഡറല്‍ കസ്റ്റഡിയിലെടുത്തു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാലില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് നിരീക്ഷണ ഉപകരണം മുറിച്ചുമാറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 82കാരനായ തോമസ് മാര്‍ക്കിളിനെ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് ആങ്കിള്‍ മോണിറ്റര്‍ നീക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ അടങ്ങിയതായി സംശയിക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ചുവെന്ന കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. ലോസ് ഏഞ്ചല്‍സ് മേഖലയിലെ സ്റ്റോറേജ് യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ സ്ലൈഡുകള്‍, ഫിലിം നെഗറ്റീവുകള്‍, പുസ്തകങ്ങള്‍ എന്നിവയുള്‍പ്പെടെ 78ഓളം വസ്തുക്കള്‍ പിടിച്ചെടുത്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു.
ആദ്യ കോടതി നടപടികള്‍ക്കുശേഷം ജാമ്യം ലഭിച്ച തോമസ് മാര്‍ക്കിളിന് ജിപിഎസ് ആങ്കിള്‍ മോണിറ്റര്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍ നിരീക്ഷണ ഉപകരണം മുറിച്ചുമാറ്റിയതോടെ ജാമ്യം റദ്ദാക്കി വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് കാലിഫോര്‍ണിയ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ബില്‍ എസ്സയ്‌ലി കോടതിയോട് ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച ജഡ്ജി ലിന്‍ഡ്‌സെ ഗ്രിഫിന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.