മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയില്‍ പിഴവുകള്‍; നിരപരാധികള്‍ അറസ്റ്റിലാകുമെന്ന് ആശങ്ക
യുകെയില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗം നിരപരാധികള്‍ അറസ്റ്റിലാകാന്‍ ഇടയാക്കുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ തെറ്റായി സംശയിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച പുറത്തുവിട്ട ഹിസ് മജസ്റ്റീസ് ഇന്‍സ്‌പെക്ടറേറ്റ് ഓഫ് കോണ്‍സ്റ്റബുലറിയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തലുകള്‍. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ സഹായകരമാണെങ്കിലും ഇതില്‍ പിഴവുകളും നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പഴയ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആളുകളെ തിരിച്ചറിയുന്ന റെട്രോസ്‌പെക്ടീവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനമാണ് റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്. ഈ സംവിധാനം അറസ്റ്റിനുള്ള തെളിവായി നേരിട്ട് കണക്കാക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലാത്ത സാഹചര്യങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ചില കേസുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താതെ സാങ്കേതികവിദ്യ നല്‍കിയ ഫലങ്ങളെ മാത്രം ആശ്രയിച്ചാണ് പൊലീസ് നടപടിയെടുത്തത്. മങ്ങിയ ചിത്രങ്ങളും ഒന്നിലധികം മുഖങ്ങളുള്ള ചിത്രങ്ങളും സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്തതും തെറ്റായ തിരിച്ചറിയലിന് കാരണമായിട്ടുണ്ട്.