ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
യുകെയില്‍ ആര്‍ട്ടിക് ബ്ലാസ്റ്റ് ആഞ്ഞടിച്ചതോടെ പല ഭാഗങ്ങളിലും താപനില കൂപ്പുകുത്തി. താപനില പലയിടങ്ങളിലും മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെയായി താഴ്ന്നു, സ്റ്റെര്‍ലിംഗ്ഷയറിലെ ടിന്‍ഡ്രമില്‍ താപനില മൈനസ് 6.2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത മൂന്ന് രാത്രികളില്‍ ഇത് മൈനസ് 8 ഡിഗ്രി വരെയായി താഴ്‌ന്നേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല പട്ടണങ്ങളിലും നഗരങ്ങളിലും രാത്രികാല താപനില ഫ്രീസിംഗ് പോയിന്റിലും താഴെ എത്തിയതോടെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. കൂടെ മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റും വീശി. സ്‌കോട്ട്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച്ചയും ഉണ്ടായി.
കാലാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) വടക്ക് പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് ശനിയാഴ്ച്ച ഉച്ച വരെ നിലവിലുണ്ടാകും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യല്‍വക്കത്തെ പ്രായം കൂടിയവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പില്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 65 വയസ്സു കഴിഞ്ഞവരും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ ശൈത്യകാലത്തെ ആദ്യ കോള്‍ഡ് ഹെല്‍ത്ത് അലര്‍ട്ടാണ് ഇന്നലെ യു കെ എച്ച് എസ് എ പ്രഖ്യാപിച്ചത്.
സ്‌കോട്ട്‌ലാന്‍ഡിലെ ഗ്രാമീണ മേഖലകളിലാണ് താപനില മൈനസ് എട്ടു ഡിഗ്രിയില്‍ എത്തിയത്. അതേസമയം വടക്കേ ഇംഗ്ലണ്ടില്‍ മൈനസ് ആറു ഡിഗ്രിയും തെക്കന്‍ ഇംഗ്ലണ്ടില്‍ പൂജ്യം ഡിഗ്രിയും, വെയില്‍സില്‍ മൈനസ് മൂന്നു ഡിഗ്രിയും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മൈനസ് അഞ്ചു ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രാത്രി താപനില. ഇന്ന് അതില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച്ച കൂടുതല്‍ ഇടങ്ങളിലേക്ക് അതിശൈത്യം പടരും.