യുകെ മലയാളികളുടെ കലാസാംസ്‌കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയില്‍ 195 പോയിന്റുകള്‍ നേടി മിഡ്ലാന്‍ഡ്‌സ് റീജിയന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അസോസിയേഷന്‍ തലത്തില്‍ 89 പോയിന്റുകള്‍ നേടി വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ 55 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി 45 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തുമെത്തി.
നവംബര്‍ ഏഴിന് ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാം ക്ലീവ് സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച സലിംകുമാര്‍ നഗറില്‍ നടന്ന കലാമേള, മത്സരങ്ങളുടെ നിലവാരത്തിലും സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി.
കലാമേള ജേതാക്കള്‍ - ആദ്യ മൂന്ന് സ്ഥാനങ്ങള്‍
സ്ഥാനം : (റീജിയന്‍ - പോയിന്റ്)
ഒന്നാം സ്ഥാനം:
മിഡ്ലാന്‍ഡ്‌സ് റീജിയന്‍ - 195
രണ്ടാം സ്ഥാനം:
യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ - 143
മൂന്നാം സ്ഥാനം:
നോര്‍ത്ത് വെസ്റ്റ് റീജിയന്‍ - 98
മത്സരങ്ങളുടെ തുടക്കം മുതല്‍ വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മിഡ്ലാന്‍ഡ്‌സ് റീജിയന്‍, വ്യക്തമായ പോയിന്റ് വ്യത്യാസത്തോടെ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയായിരുന്നു.
അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് - ആദ്യ ആറ് സ്ഥാനങ്ങള്‍
സ്ഥാനം : അസോസിയേഷന്‍ - പോയിന്റ്'
ഒന്നാം സ്ഥാനം:
വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്‍ - 89ഹിന്ദി പഠിക്കൂ
രണ്ടാം സ്ഥാനം: ഈസ്റ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ - 55
മൂന്നാം സ്ഥാനം: ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി - 45
നാലാം സ്ഥാനം (സംയുക്തം): മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ - 41
നാലാം സ്ഥാനം (സംയുക്തം): ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ - 41
അഞ്ചാം സ്ഥാനം: ബ്രൈറ്റണ്‍ മലയാളി അസോസിയേഷന്‍ - 32
ആറാം സ്ഥാനം: മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്‌പോര്‍ട്ട് - 31.
വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്റെ മത്സരാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ നടത്തിയ മികച്ച പ്രകടനമാണ് അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിച്ചത്.
കലാതിലകം, കലാപ്രതിഭ, നാട്യമയൂരം, ഭാഷാകേസരി പുരസ്‌കാരങ്ങള്‍.
ദേശീയ കലാമേളയിലെ വ്യക്തിഗത മികവിനുള്ള പ്രത്യേക അംഗീകാരങ്ങളും ശ്രദ്ധേയമായി.
കലാതിലകം:
അമേയ കൃഷ്ണ നിധീഷ്: വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്‍ - 15 പോയിന്റ്.
കലാപ്രതിഭ:
കലാപ്രതിഭയായി ഒരേ പോയിന്റോടെ ബെഡ്‌ഫോര്‍ഡ് മാര്‍സ്റ്റന്‍ കേരള അസോസിയേഷനിലെ കരണ്‍ ജയശങ്കര്‍ ഷെലിന്‍, ഹെറിഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍സന്‍ ബിനോയ് എന്നിവര്‍ സംയുക്ത വിജയികളായി. 8 പോയിന്റ് വീതം കരസ്ഥമാക്കിയാണ് ഇവര്‍ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയത്.
നാട്യമയൂരം:
ഐശ്വര്യ വിനു നായര്‍ (കവന്‍ട്രി കേരള കമ്മ്യൂണിറ്റി - 13 പോയിന്റ്)
ഭാഷാകേസരി:
ഡിയോണ്‍ ടിജു (ഐ.എം.എ. ബാന്‍ബറി - 6 പോയിന്റ്), ആന്‍ ട്രീസ ജോബി (വിഗന്‍ മലയാളി അസോസിയേഷന്‍ - 6 പൊയിന്റ്) എന്നിവര്‍ ഭാഷാകേസരിപ്പട്ടം കരസ്ഥമാക്കി.
വിവിധ പ്രായവിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍
വിഭാഗം : ചാമ്പ്യന്‍ (അസോസിയേഷന്‍ - പോയിന്റ്)
കിഡ്‌സ് :
സെറാ മരിയ ജയലേഷ്, (മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ - 6)
സബ് ജൂനിയേഴ്‌സ്:
അമേയ കൃഷ്ണ നിധീഷ് (വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്‍ - 15)
ജൂനിയേഴ്‌സ്
അമേയ അഭിഷേക് (വാര്‍വിക് ആന്‍ഡ് ലീമിങ്ടണ്‍ മലയാളി അസോസിയേഷന്‍ - 11)
സീനിയേഴ്‌സ്:
ഐശ്വര്യ വിനു നായര്‍ (കവന്‍ട്രി കേരള കമ്മ്യൂണിറ്റി - 13)
വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ സംഗീതം, നൃത്തം, സാഹിത്യം, മറ്റ് കലാരൂപങ്ങള്‍ എന്നിവയില്‍ പ്രകടിപ്പിച്ച കഴിവുകള്‍ ദേശീയ കലാമേളയ്ക്ക് മാറ്റുകൂട്ടി.
സംഘാടനമികവിലും സമയനിഷ്ഠയിലും ഇത്തവണത്തെ ദേശീയ കലാമേള പ്രത്യേക ശ്രദ്ധ നേടി.നവംബര്‍ ഏഴിന് രാവിലെ കൃത്യം 9.30ന് ഏഴ് മത്സരവേദികളിലും ഒരേസമയം മത്സരങ്ങള്‍ ആരംഭിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ മത്സരക്രമവും വേദികളുടെ ഏകോപനവും സ്റ്റേജ് മാനേജ്‌മെന്റ് സംവിധാനങ്ങളും മത്സരങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.
യുകെയിലെ ഏഴ് റീജിയണുകളില്‍ നടന്ന റീജിയണല്‍ കലാമേളകളില്‍ ഓരോ മത്സരയിനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പ്രതിഭകളാണ് ദേശീയ കലാമേളയില്‍ മാറ്റുരയ്ക്കാനെത്തിയത്.അഞ്ച് പ്രായവിഭാഗങ്ങളിലായി 46 മത്സരയിനങ്ങളാണ് ദേശീയ കലാമേളയില്‍ സംഘടിപ്പിച്ചത്.
കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ മത്സരക്രമവും വിധിനിര്‍ണയ സംവിധാനങ്ങളും വേദികളുടെ പ്രവര്‍ത്തനവും ക്രമീകരിച്ച കലാമേള, പ്രവാസലോകത്ത് കേരളത്തിന്റെ കലോത്സവ പാരമ്പര്യം നിലനിര്‍ത്തുന്ന വലിയൊരു സാംസ്‌കാരിക സംഗമമായി മാറി.
നൂറുകണക്കിന് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും കലാപ്രേമികളും വിവിധ റീജിയണുകളില്‍നിന്ന് ചെല്‍റ്റന്‍ഹാമിലെത്തിയിരുന്നു.
വൈകിട്ട് 7.15ന് പ്രധാന വേദിയിലെ പരിപാടികള്‍ പൂര്‍ത്തിയായി; രാത്രി എട്ടിന് സമ്മാനദാനം. രാവിലെ ആരംഭിച്ച മത്സരങ്ങളും പ്രധാന വേദിയിലെ പരിപാടികളും മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. വൈകിട്ട് കൃത്യം 7.15ന് പ്രധാന വേദിയിലെ പരിപാടികള്‍ സമാപിച്ചു. രാത്രി എട്ടുമണിക്ക് സമ്മാനദാനച്ചടങ്ങുകള്‍ ആരംഭിച്ചു.
വിജയികള്‍ക്കുള്ള ട്രോഫികളും പുരസ്‌കാരങ്ങളും വിതരണം ചെയ്ത് തുടങ്ങിയതോടെ കലാമേളയുടെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തി.രാത്രി 11.30ഓടെ സമാപിച്ചു.
നൂറുകണക്കിന് മത്സരാര്‍ത്ഥികളും ആയിരക്കണക്കിന് സന്ദര്‍ശകരും പങ്കെടുക്കുന്ന വിപുലമായ പരിപാടി കൃത്യമായ സമയക്രമത്തില്‍ നടത്താന്‍ കഴിഞ്ഞത് സംഘാടക സമിതിയുടെയും വോളണ്ടിയര്‍മാരുടെയും കൂട്ടായ പരിശ്രമത്തിന്റെ നേട്ടമായി.
യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗീസ്, ദേശീയ കലാമേള കണ്‍വീനറും വൈസ് പ്രസിഡന്റുമായ വര്‍ഗീസ് ഡാനിയല്‍, വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരുടെയും ദേശീയ സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് കലാമേള സംഘടിപ്പിച്ചത്.
ഡോ. ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ്ജ്, മനോജ് പിള്ള, അലക്‌സ് വര്‍ഗീസ്, സുജു ജോസഫ്, ഡിക്‌സ് ജോര്‍ജ്ജ്, ബിജു പീറ്റര്‍, ഷാജി വരാക്കുടി, സുനില്‍ ജോര്‍ജ്ജ്, ജോഷി തോമസ്, ബെന്നി അഗസ്റ്റിന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്‌സണ്‍ തോമസ്, രാജേഷ് രാജ്, ജോബി പുതുക്കുളങ്ങര, ജോര്‍ജ്ജ് തോമസ്, അമ്പിളി സെബാസ്റ്റ്യന്‍, ജോസ് വര്‍ഗീസ്, ജോബിന്‍ ജോര്‍ജ്ജ്, ജെയ്‌സണ്‍ ചാക്കോച്ചന്‍, എബ്രഹാം പൊന്നുംപുരയിടം, ജോബി തോമസ്, ഭുവനേഷ് പീതാംബരന്‍, സാംസണ്‍ പോള്‍, ലൂയീസ് മേനാച്ചേരി, സനോജ് വര്‍ഗ്ഗീസ്, അജു തോമസ്, തേജു മാത്യൂസ്, ബേബി വര്‍ഗ്ഗീസ്, ടോംബില്‍ കണ്ണത്ത്, പോള്‍ ജോസഫ്, ഡോ. ശീതള്‍ മാര്‍ക്ക് എന്നിവരുടെ നേതൃത്വത്തില്‍ റീജിയണല്‍ ഭാരവാഹികളും ഗ്‌ളോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും ഉള്‍പ്പെട്ട നേതൃനിര വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആതിഥേയത്വത്തില്‍ നടന്ന ദേശീയ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സ്റ്റേജ് മാനേജര്‍മാര്‍, വിധികര്‍ത്താക്കള്‍, രജിസ്‌ട്രേഷന്‍ ടീം, റിസള്‍ട്ട് ടീം, ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തകര്‍, മീഡിയ ടീം, ഫോട്ടോഗ്രാഫര്‍മാര്‍, ഹോസ്പിറ്റാലിറ്റി ടീം, സുരക്ഷാ പ്രവര്‍ത്തകര്‍, മറ്റ് വോളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനവും ശ്രദ്ധേയമായി.
കേരളത്തിന്റെ കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെ യുക്മ സംഘടിപ്പിക്കുന്ന ദേശീയ കലാമേള, ഈ വര്‍ഷവും പ്രവാസി മലയാളികളുടെ കലാപ്രതിഭയും കൂട്ടായ്മയും പ്രകടമാക്കിയ വേദിയായി.
മത്സരാര്‍ത്ഥികളുടെ കലാമികവ്, രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ, റീജിയണുകളുടെയും അസോസിയേഷനുകളുടെയും സജീവ പങ്കാളിത്തം, സംഘാടക സമിതിയുടെ കൃത്യമായ ആസൂത്രണം - ഇവയെല്ലാം ചേര്‍ന്നാണ് പതിനേഴാമത് യുക്മ ദേശീയ കലാമേളയെ ശ്രദ്ധേയമാക്കിയത്.
വിജയികള്‍ക്ക് അഭിമാനവും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പുതിയ പ്രചോദനവും സമ്മാനിച്ച പതിനേഴാമത് യുക്മ ദേശീയ കലാമേള, ചെല്‍റ്റന്‍ഹാമില്‍ ഒത്തുചേര്‍ന്ന മലയാളി കുടുംബങ്ങള്‍ക്ക് മറക്കാനാവാത്ത ഒരു കലോത്സവദിനമായി മാറി.