പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഭവനവിപണിയെ സാരമായി ബാധിച്ചു. ബേസ് റേറ്റ് 4 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര ബാങ്ക് തീരുമാനം വന്നതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ ഈ ആലോചന നീട്ടിവെയ്ക്കുന്നതായാണ് എസ്‌റ്റേറ്റ് ഏജന്റുമാര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ ഫസ്റ്റ് ടൈം ബയേഴ്‌സില്‍ നിന്നുമുള്ള എന്‍ക്വയറികളില്‍ 27% കുറവ് നേരിട്ടതായി സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഫ്‌ളാറ്റുകള്‍ മുതല്‍ കണ്‍ട്രി ഹൗസുകള്‍ വരെയുള്ള എല്ലാത്തരം പ്രോപ്പര്‍ട്ടികളുടെയും എന്‍ക്വയറിയില്‍ കുറവ് വന്നതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന സമ്മതിച്ചതിന്റെ എണ്ണത്തില്‍ 10.5% ഇടിവ് സംഭവിച്ചെന്നും അവര്‍ വ്യക്തമാക്കി. വില്‍പ്പന കുറഞ്ഞതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത വീടുകളുടെ എണ്ണം ഉയരുകയാണ്. വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണെന്ന് സൂപ്ല വ്യക്തമാക്കുന്നു.
വില്‍പ്പനയ്ക്കുള്ള 2-ബെഡ്‌റൂം വീടുകളുടെ എണ്ണത്തില്‍ 14 ശതമാനവും, 200,000 പൗണ്ടില്‍ താഴെ വിലയുള്ള വീടുകളുടെ എണ്ണം 13 ശതമാനവും വര്‍ദ്ധിച്ചു. വീട് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതോടെ വില്‍ക്കാനായി മത്സരിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ എട്ട് അംഗങ്ങള്‍ വര്‍ധനയെ അനുകൂലിച്ചപ്പോള്‍ ഒരംഗം 0.50 ശതമാനത്തിന്റെ വര്‍ധന വേണമെന്ന നിലപാടെടുത്തു.
അടുത്ത വര്‍ഷം പണപ്പെരുപ്പം 5 ശതമാനത്തിലെത്തിയേക്കാമെന്നും ഇറാന്‍ യുദ്ധം അവസാനിച്ചില്ലെങ്കില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം തന്നെ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പലിശനിരക്ക് വര്‍ധന മോര്‍ട്ട്‌ഗേജ് വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവിനെയും ബാധിക്കും
ബജറ്റില്‍ ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവിതച്ചെലവ് ഇളവുകളുടെ നേട്ടം പോലും പലിശവര്‍ധന ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള മിഡില്‍ ഈസ്റ്റ് സംഘര്‍ഷമാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ബേസ് റേറ്റ് അടുത്ത വര്‍ഷം 4.25 ശതമാനത്തിലേക്ക് എത്തുമെന്നും കരുതുന്നു. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ത്തിനിര്‍ത്തുന്നതിലേക്ക് ഇത് നയിക്കുകയാണ്. 2028 ആദ്യം വരെയെങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു വിദഗ്ധര്‍ പറയുന്നു.