യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍നിന്ന് വീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് മലയാളി യുവാവ്; അഭിനന്ദന പ്രവാഹം

യുകെയിലെ ഈസ്റ്റ് ലണ്ടനില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശി മുഹമ്മദ് ജസീലാണ് മെറ്റ് പൊലീസ് ഉദ്യോഗസ്ഥനൊപ്പം ചേര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ചൊവ്വാഴ്ച ഇന്‍ഫീല്‍ഡിലെ തിരക്കേറിയ വ്യാപാര മേഖലയിലായിരുന്നു സംഭവം.

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ കുഞ്ഞ് അപകടകരമായി തൂങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഏതു നിമിഷവും താഴേക്ക് വീഴാവുന്ന നിലയിലായിരുന്നു കുട്ടി. അപകടം നടന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ താമസസ്ഥലത്തുനിന്ന് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ജസീല്‍. ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ബഹളം കേട്ട് പുറത്തേക്ക് എത്തിയപ്പോഴാണ് അപകടം ശ്രദ്ധയില്‍പ്പെട്ടത്.

ഒട്ടും വൈകാതെ ജസീല്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങി. താഴെ നിലയുറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനൊപ്പം ചേര്‍ന്ന് താഴേക്ക് പതിച്ച കുഞ്ഞിനെ സുരക്ഷിതമായി താങ്ങിയെടുക്കുകയായിരുന്നു. ഇരുവരുടെയും സമയോചിതമായ ഇടപെടലിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജസീലിന്റെ ധീരമായ ഇടപെടല്‍ ശ്രദ്ധ നേടിയത്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മാന്തടം സ്വദേശിയായ ജസീല്‍, ആലംകോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുലൈമാന്‍ മാന്തടത്തിന്റെ മകനാണ്. 2019ല്‍ എംബിഎ പഠനത്തിനായി യുകെയിലെത്തിയ അദ്ദേഹം പഠനം പൂര്‍ത്തിയാക്കിയശേഷം ഈസ്റ്റ് ഹാമിലെ അനന്തപുരം റസ്റ്ററന്റില്‍ മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ ഷാമിലയും മക്കളായ ഇസായേലും നവജാതശിശുവായ ദാനിലും നാട്ടിലാണ്. മാതാവ് റെജിമോള്‍.

ജസീലിന്റെ ധീരമായ രക്ഷാപ്രവര്‍ത്തനത്തിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്ററും ഇന്ത്യന്‍ ഓവര്‍സീസ് യൂത്ത് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്ററും ചേര്‍ന്ന് ഈസ്റ്റ് ഹാമില്‍ ജസീലിനെ ആദരിച്ചു. ഐഒസി യുകെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേലിന്റെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിലിന്റെയും നേതൃത്വത്തിലായിരുന്നു അനുമോദനച്ചടങ്ങ്. മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ ജസീലിന്റെ സമയോചിതമായ ഇടപെടലിനെ ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ അഭിനന്ദിച്ചു.

  • റെഡിച്ചിലെ മലയാളി അധ്യാപകന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • നവംബറില്‍ ബ്രിട്ടനില്‍ വീടുകളുടെ ചോദിക്കുന്ന വില 1.8% ഇടിഞ്ഞു
  • യുവാക്കളുടെ മടി മാറ്റാന്‍ ശമ്പളത്തോടെ ആറു മാസത്തെ ജോലി നല്‍കാന്‍ സര്‍ക്കാര്‍; സ്‌കൂള്‍ തലത്തില്‍ തൊഴില്‍ പരിശീലനം
  • അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങളെയും ബാധിച്ചു
  • ടൈപ്പ് 1 പ്രമേഹം പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ബ്രിട്ടനില്‍ ആദ്യമായി നല്‍കി
  • 70 പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
  • സ്റ്റുഡന്റ് വിസാ ആപ്ലിക്കേഷനുകള്‍ 31% ഇടിഞ്ഞു; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്നു
  • പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്, വെള്ളവും ടിന്‍ ഭക്ഷണവും വാങ്ങിക്കൂട്ടി ജനം!
  • പലിശ നിരക്ക് വര്‍ധന തിരിച്ചടിയായി; ആദ്യ വീട് വാങ്ങലുകാരുടെ അന്വേഷണം കുറഞ്ഞു
  • ആര്‍ട്ടിക് ബ്ലാസ്റ്റ്; യുകെ തണുത്തുവിറയ്ക്കുന്നു, താപനില മൈനസ് എട്ട് വരെയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions