യുകെയിലെ യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. യുവാക്കള്‍ തൊഴില്‍രഹിതരായി സര്‍ക്കാര്‍ ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, നൈപുണ്യവികസനം എന്നിവയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌കൂള്‍ തലം മുതല്‍ യുവാക്കള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്ന രീതിയില്‍ നിലവിലെ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ബേണ്‍ഹാം പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ തൊഴില്‍പരിശീലനത്തിനും പ്രായോഗിക പഠനത്തിനും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കും. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്നാക്കം പോകുന്ന യുവാക്കളെ നേരത്തേ കണ്ടെത്തി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെയില്‍ തൊഴില്‍, വിദ്യാഭ്യാസം, പരിശീലനം എന്നിവയില്‍ ഒന്നിലും ഉള്‍പ്പെടാത്ത 18 മുതല്‍ 24 വയസ്സുവരെയുള്ള യുവാക്കളുടെ എണ്ണം ഈ വര്‍ഷം പത്തുലക്ഷം കടന്നിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ആദ്യമായാണ് ഈ കണക്ക് ഇത്രയും ഉയരുന്നത്. യുവാക്കളുടെ തൊഴില്‍ പ്രതിസന്ധിയെക്കുറിച്ച് അലന്‍ മില്‍ബേണ്‍ തയ്യാറാക്കിയ നിര്‍ണായക റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഏകദേശം അഞ്ച് ലക്ഷം തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. അതേസമയം, 25 വയസ്സിന് താഴെയുള്ളവരുടെ ക്ഷേമാനുകൂല്യ സംവിധാനത്തിലും വ്യാപകമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ചില യുവാക്കള്‍ക്ക് നിലവില്‍ ലഭിക്കുന്ന പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റും യൂണിവേഴ്‌സല്‍ ക്രെഡിറ്റിലെ ആരോഗ്യ ആനുകൂല്യവും നഷ്ടപ്പെട്ടേക്കാം. പകരം പുതിയ യൂത്ത് അലവന്‍സ് നല്‍കാനാണ് നിര്‍ദേശം.
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ലഭിക്കുന്ന 18 മുതല്‍ 24 വയസ്സുവരെയുള്ളവര്‍ക്ക് 12 മാസം ആനുകൂല്യം ലഭിച്ചശേഷം ആറുമാസത്തെ ശമ്പളത്തോടെയുള്ള ജോലി ഉറപ്പാക്കുന്ന പദ്ധതിയും സര്‍ക്കാര്‍ വിപുലീകരിക്കും. യുവാക്കളുടെ കഴിവുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുയോജ്യമായ ജോലിയായിരിക്കും നല്‍കുക.
യുവാക്കള്‍ക്ക് പഠിക്കാനും പരിശീലനം നേടാനും ജോലി ചെയ്യാനും ആവശ്യമായ അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ അവ പ്രയോജനപ്പെടുത്താനുള്ള ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണമെന്ന് ബേണ്‍ഹാം പറഞ്ഞു.