പരീക്ഷകളിലും അസൈന്‍മെന്റുകളിലും എഐ, സ്മാര്‍ട്ട് ഗ്ലാസുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കോപ്പിയടിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് ഓഫ്ക്വല്‍.
കുറ്റം തെളിഞ്ഞാല്‍ ജിസിഎസ്ഇ, എ ലെവല്‍ ഉള്‍പ്പെടെയുള്ള പ്രധാന വിദ്യാഭ്യാസ യോഗ്യതകള്‍ തന്നെ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഫ്ക്വല്‍ മേധാവി ഇയാന്‍ ബൗക്കം പറയുന്നതനുസരിച്ച്, മൂല്യനിര്‍ണയത്തിനുള്ള അസൈന്‍മെന്റുകളിലും ദീര്‍ഘമായ ഉപന്യാസങ്ങളിലും എഐ ഉപയോഗിക്കുകയും ഇക്കാര്യം വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും. ഇത്തരം കുറ്റങ്ങള്‍ തെളിഞ്ഞാല്‍ വിദ്യാര്‍ഥിയുടെ മുഴുവന്‍ യോഗ്യതയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാമെന്നും അത് അവരുടെ ഭാവിയെ ദീര്‍ഘകാലം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അടുത്തുവരുന്ന സാഹചര്യത്തില്‍ എഐയുടെ ദുരുപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണ ക്യാംപയിന്‍ ആരംഭിക്കുകയാണ് ഓഫ്ക്വല്‍. മൂല്യനിര്‍ണയത്തിനായി സമര്‍പ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗിച്ചാല്‍ അത് നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷത്തെ വേനല്‍ക്കാല പരീക്ഷകള്‍ക്ക് മുന്നോടിയായി പരീക്ഷാ ഹാളുകളിലെ ഇന്‍വിജിലേറ്റര്‍മാര്‍ക്കും മേല്‍നോട്ടം വഹിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കണമെന്ന് പരീക്ഷാ ബോര്‍ഡുകള്‍ക്ക് ബൗക്കം നിര്‍ദേശം നല്‍കുന്നുണ്ട്. എഐ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉള്‍പ്പെടെയുള്ള ധരിക്കാവുന്ന സാങ്കേതിക ഉപകരണങ്ങള്‍ പരീക്ഷകളില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.