ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം പുനഃപരിശോധിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ അടുത്ത മാസം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ദീര്‍ഘകാല സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഈ വെള്ളിയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി ബേണ്‍ഹാം കൂടിക്കാഴ്ച നടത്തും. ഭക്ഷ്യവ്യാപാരം, യുവാക്കള്‍ക്കുള്ള വിസാ പദ്ധതികള്‍, യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ വ്യാപാര സംവിധാനവുമായി ബ്രിട്ടീഷ് വ്യവസായത്തെ വീണ്ടും ബന്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതിയ കരാറുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ ഏതെങ്കിലും പ്രത്യേക മാതൃകയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കില്ല. വിവിധ സാധ്യതകള്‍ വിലയിരുത്തിയശേഷം അവ അടുത്ത മാസം വിശദീകരിക്കാനാണ് തീരുമാനം.
യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്‌സിറ്റ് കരാര്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബേണ്‍ഹാം പറഞ്ഞു. ഉച്ചകോടിക്കുശേഷം ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്മസിന് മുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പത്തുവര്‍ഷത്തെ സാമ്പത്തിക പദ്ധതിക്കൊപ്പമായിരിക്കും യൂറോപ്യന്‍ യൂണിയനുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങളും പുറത്തുവിടുക.
യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം വീണ്ടും നേടുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ബേണ്‍ഹാം നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വലിയ നയമാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2024ലെ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ യൂറോപ്യന്‍ യൂണിയന്റെ ഏകവിപണിയിലേക്കോ കസ്റ്റംസ് യൂണിയനിലേക്കോ തിരിച്ചുപോകില്ലെന്നും സ്വതന്ത്ര സഞ്ചാരാവകാശം പുനഃസ്ഥാപിക്കില്ലെന്നും ഉറപ്പുനല്‍കിയിരുന്നു.