മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; മന്ത്രിസഭാ യോഗത്തില്‍ രൂക്ഷമായ തര്‍ക്കം, പിന്നാലെ ഒപ്പിടല്‍
തിരുവനന്തകപുരം: പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി എന്നാണ് വിവരം. കെസി പക്ഷത്തെ മന്ത്രി എ പി അനില്‍ കുമാറാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്നതാണ് പ്രധാനമായും വിമര്‍ശനമായി ഉയര്‍ന്നത്. പിന്നാലെ എ പി അനില്‍കുമാറിനെ പിന്തുണച്ച് നിരവധി മന്ത്രിമാരും രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. വൈദ്യുതി വകുപ്പിലും വിദ്യാഭ്യാസ വകുപ്പിലും എക്‌സൈസ് വകുപ്പിലും അടക്കം എടുത്ത അസാധാരണ തീരുമാനങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ചു.
പുതിയ പിഎസ്‌സി അംഗങ്ങളുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി മന്ത്രിസഭയില്‍ വെച്ചപ്പോള്‍ എവിടെ ചര്‍ച്ച നടത്തിയെന്ന ചോദ്യവുമായി അനില്‍കുമാര്‍ രംഗത്ത് വരികയായിരുന്നു. കൂടാതെ ഗുരുവായൂര്‍ ദേവസ്വം അംഗങ്ങളുടെ കാര്യത്തിലും എതിര്‍പ്പ് ഉയര്‍ന്നു. തനിക്കും പരാതി ഉണ്ടെന്ന് സണ്ണി ജോസഫും അറിയിച്ചു. ഘടക കക്ഷി മന്ത്രിയായ ഷിബു ബേബി ജോണും അഭിപ്രായം തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ വി ഡി സതീശനെ പിന്തുണക്കുന്ന കെ മുരളീധരന്‍ മാത്രമാണ് സതീശന് പ്രതിരോധം തീര്‍ത്തത്. അതേസമയം ഒരുവിഭാഗം മന്ത്രിമാരുടെ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും പിഎസ്‌സി ഭരണസമിതി അംഗങ്ങളുടേയും ഗുരുവായൂര്‍ ഭരണസമിതിയുടേയും നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് മാസം പൂര്‍ത്തിയാക്കുമ്പോള്‍ ഒരുപാട് ക്ഷേമ പദ്ധതികള്‍ക്ക് അടിത്തറ പാകാന്‍ കഴിഞ്ഞു. സ്വപ്‌ന പദ്ധതി മിഷന്‍ സമുദ്ര നടപ്പിലാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. പ്രിയദര്‍ശനി പദ്ധതി നടപ്പിലാക്കി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേക വകുപ്പ് രൂപീകരിച്ചു, ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പരമാവധി കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിക്കും. ടൂറിസം പദ്ധതികളും ഫിലിം സിറ്റിയും സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കും. കേരളത്തിലേക്ക് ഒരുപാട് നിക്ഷേപങ്ങള്‍ ഉടന്‍ വരും. സര്‍ക്കാര്‍ 588 കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ 568 നൂറ് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തമാക്കി. അടുത്ത ആറ് മാസവും നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍മാരുടെ കാര്യത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലെത്തിയ എല്ലാ മന്ത്രിമാരും ഒപ്പുവച്ചു. വിഷയത്തില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അടിസ്ഥാന രഹിതമായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ജിഎന്‍എ കരാറിലും മുഖ്യമന്ത്രി പ്രതികരിച്ചു. ജിഎന്‍എ കരാറില്‍ നിന്ന് പിന്മാറിയെന്നായിരുന്നു പ്രചരിച്ച വാര്‍ത്തയെന്ന് വി ഡി സതീശന്‍ പറഞ്ഞു. കരാറില്‍ ഏര്‍പ്പെടാതെ എങ്ങനെയാണ് പിന്മാറുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് അടക്കം ജിഎന്‍എ കരാറില്‍ വിമര്‍ശനം ഉന്നയിച്ചു. വിഇഎച്ച് കരാറിന്റെ കാര്യത്തിലും തെറ്റായ ആരോപണമാണുണ്ടായതെന്നും വി ഡി സതീശന്‍ പറഞ്ഞു. പീക്ക് അവറില്‍ 11 രൂപയ്ക്ക് വൈദ്യുതി ലഭിച്ചത് വലിയ കാര്യമാണ്. ഇപ്പോള്‍ പോലും 11 രൂപയ്ക്ക് വൈദ്യൂതി ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് നടന്ന മന്ത്രിസഭ യോഗത്തില്‍ തര്‍ക്കങ്ങള്‍ നടന്നത് മുഖ്യമന്ത്രി തുറന്ന് പറഞ്ഞു. മന്ത്രിമാര്‍ക്ക് വ്യക്തമായ അഭിപ്രായം പറയാനുണ്ട്. അത് ചര്‍ച്ച നടത്തിയത് ശേഷം മാത്രമേ തീരുമാനം എടുക്കൂ. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്ന് ഒരു പേപ്പര്‍ എടുത്താല്‍ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റ് അല്ല ഇതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
മന്ത്രിസഭ യോഗത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. എല്‍പിഎസ്ടി സമരം, ഉന്നത വിദ്യാഭ്യാസ ബില്ല് തുടങ്ങി നിരവധി കാര്യങ്ങളില്‍ നീണ്ട ചര്‍ച്ച നടത്തി. എല്‍പിഎസ്ടി സമരത്തില്‍ സര്‍ക്കാര്‍ ഇനിയും ചര്‍ച്ച നടത്തും. സമരക്കാരുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണ്ട്. ആരോഗ്യം ശരിയാകുമ്പോള്‍ സമരക്കാരുമായി ഇനിയും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. പൊതുവിദ്യാഭ്യാസ മന്ത്രി എട്ട് തവണ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. താന്‍ രണ്ട് തവണ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.