തെന്നിന്ത്യന്‍ താരം നയന്‍താരയുടെ 42-ാം പിറന്നാള്‍ പ്രണയസമ്മാനവുമായി ആഘോഷമാക്കി ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്‍. ഇരുവരുടെയും പ്രണയകാലം മുതല്‍ കുടുംബജീവിതം വരെയുള്ള അപൂര്‍വ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദയസ്പര്‍ശിയായ വീഡിയോയാണ് വിഘ്നേഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നയന്‍താരയ്ക്കൊപ്പമുള്ള ഇതുവരെ അധികമാരും കണ്ടിട്ടില്ലാത്ത ചിത്രങ്ങളും വീഡിയോയിലുണ്ട്.
നയന്‍താരയുമായുള്ള സൗഹൃദവും പ്രണയവും വിവാഹവും മാതാപിതാക്കളായ ശേഷമുള്ള ജീവിതവുമെല്ലാം വിഘ്നേഷ് മനോഹരമായി വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ചുവരുകളില്‍ ഇരുവരുടെയും ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ചിത്രങ്ങളാക്കി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പ്രണയകാലത്തെ ചിത്രങ്ങള്‍ക്കൊപ്പം മക്കളായ ഉയിര്‍, ഉലക് എന്നിവര്‍ക്കൊപ്പമുള്ള കുടുംബനിമിഷങ്ങളും ആരാധകരുടെ ശ്രദ്ധ കവരുന്നു.
വിഘ്നേഷ് ശിവന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022 ജൂണ്‍ 9ന് ഇരുവരും വിവാഹിതരായി. അതേ വര്‍ഷം ഒക്ടോബറില്‍ വാടകഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും ഇരട്ട ആണ്‍കുട്ടികളായ ഉയിറും ഉലകും ജനിച്ചു.