കുടുംബ ബജറ്റിന് തീപിടിപ്പിക്കാന്‍ യുകെയുടെ പണപ്പെരുപ്പ നിരക്ക് ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഏറ്റവും പുതിയ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളാണ് 2026 ഒക്ടോബര്‍ വരെ 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 3.6 ശതമാനമായി ഉയര്‍ന്നുവെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായി നാലാം മാസമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് വര്‍ദ്ധിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് ചെലവുകള്‍, പ്രത്യേകിച്ച് ഇന്ധന ചെലവാണ് പണപ്പെരുപ്പത്തെ മുന്നോട്ട് നയിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ ശരാശരി പെട്രോള്‍ വില ലിറ്ററിന് 5.2 പെന്‍സാണ് ഉയര്‍ന്നത്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ അയവ് വരാത്തതാണ് എണ്ണവിലയേറാന്‍ ഇടയാക്കുന്നത്. എനര്‍ജി പ്രൈസ് ക്യാപ്പ് 4% ഉയര്‍ന്നതും, വര്‍ദ്ധിക്കുന്ന വേപ്പ്, പുകയില ഡ്യൂട്ടികളും മറ്റ് കാരണങ്ങളാണ്. യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ഇത് മോശം വാര്‍ത്തയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പണപ്പെരുപ്പം മുന്നോട്ട് പോകുംതോറും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2 ശതമാനത്തില്‍ നിന്നും ദൂരം ഇരട്ടിയോടടുക്കുകയാണ് . ഇതുമൂലം പലിശ നിരക്കുകള്‍ കൂടുതല്‍ നാള്‍ ഉയര്‍ത്തി നിര്‍ത്താന്‍ ഇടയാകും. ഇത് ഫലത്തില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, ലോണും, ക്രെഡിറ്റ് കാര്‍ഡും ഉള്ളവര്‍ക്ക് സാമ്പത്തിക സമ്മര്‍ദമായി മാറുകയും ചെയ്യും.
പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് വര്‍ദ്ധിപ്പിക്കാന്‍ തന്നെയാണ് സാധ്യത. ഇത് പലിശ നിരക്കുകള്‍ ഉയരാന്‍ ഇടയാക്കും. ഇതിനകം ഉയര്‍ന്ന് നില്‍ക്കുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളെയാണ് ഇത് സാരമായി ബാധിക്കുക. ഭാവന വിപണിയെയും ഇത് പ്രതികൂലമായി ബാധിക്കും.