ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വില്യമും കെയ്റ്റും; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി വെയില്‍സ് രാജകുമാരന്‍ വില്യമും പത്‌നി കെയ്റ്റ് മിഡില്‍ടണും. സന്ദര്‍ശനത്തിന്റെ അവസാന ദിവസം ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. 2022നുശേഷം ദമ്പതികളുടെ ആദ്യ വിദേശ പര്യടനമായിരുന്നു ഇത്.
മോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യ-ബ്രിട്ടന്‍ ബന്ധത്തിന്റെ ശക്തിയും പ്രാധാന്യവും ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തതായി കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചു. ഇന്ത്യയില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് വില്യമും കെയ്റ്റും പ്രധാനമന്ത്രിക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി വില്യം രാജകുമാരന്‍ സ്ഥാപിച്ച എര്‍ത്ത്‌ഷോട്ട് പുരസ്‌കാര ചടങ്ങ് ഇന്ത്യയിലെത്തിച്ചതിന് മോദി നന്ദി രേഖപ്പെടുത്തി. മുംബൈയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി വിജയികള്‍ക്ക് 10 ലക്ഷം പൗണ്ട് വീതമുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ കാലാവസ്ഥാ നവീകരണ രംഗത്തെ മുന്നേറ്റവും ജൈവവൈവിധ്യവും യുവജനശക്തിയുമാണ് പുരസ്‌കാരച്ചടങ്ങിന് ഇന്ത്യയെ തിരഞ്ഞെടുത്തതിന് പ്രധാന കാരണങ്ങളെന്ന് വില്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്ദര്‍ശനത്തിനിടെ കെയ്റ്റ് ഒരു പ്രസവാശുപത്രിയും സന്ദര്‍ശിച്ചിരുന്നു. മാസം തികയാതെ ജനിച്ച ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ നഷ്ടപ്പെട്ട അമ്മയെ ആശ്വസിപ്പിച്ച കെയ്റ്റിന്റെ ഇടപെടലും ശ്രദ്ധ നേടിയിരുന്നു.
2016ലാണ് വില്യമും കെയ്റ്റും അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.