ബ്രിട്ടനില്‍ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ 8.5 ശതമാനം കുടുംബങ്ങളിലെങ്കിലും ഒരാള്‍ വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വേള്‍ഡ്പാനല്‍ ബൈ ന്യുമറേറ്ററിന്റെ സര്‍വേ വ്യക്തമാക്കുന്നത്. വെജിറ്റേറിയന്‍, പെസ്‌കറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവരുള്ള കുടുംബങ്ങളെക്കാള്‍ കൂടുതലാണ് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരുള്ള കുടുംബങ്ങള്‍.
ഓഗസ്റ്റിലെ കണക്കനുസരിച്ച് ഏകദേശം 26 ലക്ഷം മുതിര്‍ന്നവരാണ് ബ്രിട്ടനില്‍ ശരീരഭാരം കുറയ്ക്കാനുള്ള GLP-1 വിഭാഗത്തിലെ മരുന്നുകള്‍ ഉപയോഗിക്കുന്നത്. ഫെബ്രുവരിയെ അപേക്ഷിച്ച് ഏഴ് ലക്ഷം പേരുടെ വര്‍ധനവാണിത്. ഫെബ്രുവരിയില്‍ 6.3 ശതമാനം കുടുംബങ്ങളില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരുണ്ടായിരുന്നെങ്കില്‍ ഓഗസ്റ്റില്‍ ഇത് 8.5 ശതമാനമായി ഉയര്‍ന്നു.
വെഗോവി , മൗണ്‍ജാരോ തുടങ്ങിയ മരുന്നുകളുടെ ഉപയോഗമാണ് വര്‍ധിക്കുന്നത്. യുകെയില്‍ ജൂണില്‍ അംഗീകാരം ലഭിച്ച വെഗോവിയുടെ ഗുളിക രൂപവും കൂടുതല്‍ പ്രചാരം നേടുന്നുണ്ട്. നിലവില്‍ GLP-1 മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ 11.2 ശതമാനം പേര്‍ ഗുളികകളാണ് ഉപയോഗിക്കുന്നത്. നേരത്തെ കുത്തിവയ്പ്പ് രൂപത്തിലുള്ള മരുന്നുകളായിരുന്നു പ്രധാനമായും ലഭ്യമായിരുന്നത്.
മരുന്നുകള്‍ ഉപയോഗിക്കുന്ന പുരുഷന്മാരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍ GLP-1 മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ 23 ശതമാനം മാത്രമായിരുന്നു പുരുഷന്മാര്‍. ഓഗസ്റ്റില്‍ ഇത് 32 ശതമാനമായി ഉയര്‍ന്നു. പുരുഷ ഉപയോക്താക്കളുടെ എണ്ണം 4.4 ലക്ഷത്തില്‍നിന്ന് 8.3 ലക്ഷമായാണ് വര്‍ധിച്ചത്.