ഡിസംബര്‍ മുതല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും. പസഫിക് സമുദ്രത്തിലെ റെക്കോര്‍ഡ് ഭേദിച്ച എല്‍ നിനോ പ്രതിഭാസവും, ഉത്തരധ്രുവത്തിന് മുകളിലായി വീശുന്ന അതിശൈത്യ കാറ്റായ പോളാര്‍ വോര്‍ട്ടെക്‌സും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം കാലാവസ്ഥയെ സ്വാധീനിക്കുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പോളാര്‍ വോര്‍ട്ടെക്‌സിനെ ദുര്‍ബലപ്പെടുത്തുകയും അതിന്റെ സ്ഥാനത്തുനിന്ന് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രതിഭാസങ്ങള്‍ മൂലം വടക്കെ അറ്റ്‌ലാന്റിക് ഓസിലേഷന്റെ (എന്‍ എ ഒ) പ്രതികൂല ഘട്ടം ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് യുകെയ്ക്ക് വടക്ക് ഭാഗത്ത് ഉയര്‍ന്ന മര്‍ദ്ദവും തെക്ക് ഭാഗത്ത് താഴ്ന്ന മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഇത് യുകെയിലേക്ക് സാധാരണയായി ലഭിക്കുന്ന ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാറ്റിനെ തടയുന്നു. ഈ മാറ്റങ്ങള്‍ കാരണം വരും മാസങ്ങളില്‍ യുകെയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ തണുപ്പും വരണ്ട കാലാവസ്ഥയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില ഗണ്യമായി കുറയുമെങ്കിലും, മഞ്ഞുവീഴ്ച കൃത്യമായി പ്രവചിക്കുക ബുദ്ധിമുട്ടാണ്.