യു.കെ.വാര്‍ത്തകള്‍

ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും ഇ യുവും; വര്‍ഷം ഒരു ലക്ഷം യൂറോപ്യന്‍ യൂത്തിന് അവസരം

ബ്രക്സിറ്റിന് ശേഷമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും പുതിയ കരാറില്‍ ധാരണയാകുന്നു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 1 ലക്ഷം യൂറോപ്യന്‍ യുവാക്കള്‍ക്ക് യുകെയില്‍ എത്താന്‍ അവസരമൊരുക്കുന്ന യൂത്ത് മൊബിലിറ്റി പദ്ധതിക്ക് ഇരുപക്ഷവും തത്വത്തില്‍ സമ്മതിച്ചു. നേരത്തെ യുകെ 50,000–80,000 പേര്‍ക്ക് മാത്രമായിരുന്നു അനുമതി നല്‍കാന്‍ തയ്യാറായിരുന്നത്. കൂടാതെ പദ്ധതിയില്‍ പങ്കെടുക്കാനുള്ള പ്രായപരിധി 30ല്‍ നിന്ന് 31 ആക്കി ഉയര്‍ത്താനും തീരുമാനമായി. ബ്രിട്ടീഷ് യുവാക്കള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനു സമാനമായ അവസരം ലഭിക്കും. യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ സ്വദേശികള്‍ക്ക് നല്‍കുന്ന ഫീസ് നിരക്കില്‍ പഠിക്കണമെന്ന ഇ യു ആവശ്യം ഉപേക്ഷിച്ചതും ചര്‍ച്ചയിലെ പ്രധാന വഴിത്തിരിവായി.

ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിനുള്ള കരാറാണ് ചര്‍ച്ചയിലെ മറ്റൊരു പ്രധാന വിഷയം. ഇതനുസരിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭക്ഷ്യസുരക്ഷാ, സസ്യ-മൃഗാരോഗ്യ മാനദണ്ഡങ്ങളുമായി (SPS) പൊരുത്തപ്പെടേണ്ടിവരും. അതായത് പുതിയ ഇ യു നിയമങ്ങള്‍ രൂപീകരിക്കുമ്പോള്‍ ബ്രിട്ടന് വോട്ടവകാശമുണ്ടാകില്ലെങ്കിലും നിയമങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനും നടപ്പാക്കല്‍ നടപടികളില്‍ പങ്കാളിയാകാനും അവസരം ലഭിച്ചേക്കും. ബ്രിട്ടന് കൂടുതല്‍ അധികാരം നല്‍കുന്നതിനെ ഫ്രാന്‍സ് എതിര്‍ത്തതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ നിയമനിര്‍മാണത്തില്‍ വോട്ടവകാശം ആവശ്യപ്പെടുന്ന നിലപാടില്‍ നിന്ന് ബ്രിട്ടന്‍ പിന്നോട്ടുപോയതായാണ് റിപ്പോര്‍ട്ട്.

പുതിയ ധാരണകള്‍ യാഥാര്‍ഥ്യമായാല്‍ ബ്രിട്ടന്റെ ജിഡിപിയില്‍ 0.4 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്ന് പ്രധാന കരാറുകളില്‍ഒപ്പുവെക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ഭക്ഷ്യ-പാനീയ വ്യാപാര കരാര്‍ 2028 മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഭാവിയില്‍ ഇ യുവുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സിംഗിള്‍ മാര്‍ക്കറ്റുമായി വീണ്ടും ബന്ധപ്പെടുന്നതിനുമുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് വ്യവസായങ്ങളെ ബാധിക്കാവുന്ന ഇ യുവിന്റെ ‘മെയ്ഡ് ഇന്‍ യൂറോപ്പ് നിയമങ്ങളിലും അനുകൂല ധാരണയിലെത്താന്‍ ശ്രമം തുടരുകയാണ്.

ഇതിന്റെ തിരിച്ചടി ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ഏത് വിധത്തില്‍ ബാധിക്കുമെന്നാണ് അറിയാനുള്ളത്.

  • പകുതിയിലേറെ എന്‍എച്ച്എസ് ആശുപത്രികളിലും ഇടനാഴിപരിചരണം
  • ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ ലിവര്‍പൂള്‍ സ്ട്രീറ്റ്; പാഡിങ്ടണും വാട്ടര്‍ലൂവും രണ്ടും മൂന്നും സ്ഥാനത്ത്
  • ഡിസംബറില്‍ യുകെ ജനത തണുത്ത് വിറയ്ക്കും; വരുന്നത് കനത്ത മഞ്ഞ് വീഴ്ച്ച
  • എനര്‍ജി ബില്ലുകള്‍ 26% വര്‍ധിക്കുമെന്ന് പ്രവചനം; ജനുവരിയില്‍ 2166 പൗണ്ടിലേക്ക് എത്തും
  • വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സ്‌കോട്‌ലന്‍ഡ് വരെ കനത്ത മഞ്ഞുവീഴ്ച
  • ക്രിസ്മസ് - പുതുവത്സര യാത്രകള്‍ക്ക് പാരയാകാന്‍ ട്യൂബ് സമരം
  • ഇ യുവുമായുള്ള ബന്ധം ശക്തമാക്കാന്‍ പുതിയ പദ്ധതികള്‍ അടുത്ത മാസം പ്രഖ്യാപിക്കും
  • ടൂറിസ്റ്റ് വിസയ്ക്ക് പകരം ഇന്ത്യയിലേക്കുള്ള യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഇനി രണ്ട് കാറ്റഗറി വിസിറ്റര്‍ വിസ
  • പരീക്ഷകളിലും അസൈന്‍മെന്റുകളിലും എഐ ഉപയോഗിച്ച് കോപ്പിയടിച്ചാല്‍ ജിസിഎസ്ഇ, എ ലെവല്‍ യോഗ്യതകള്‍ റദ്ദാക്കും
  • വാടക നിരക്കുകള്‍ കുത്തനെ ഉയരുന്നു; ചെലവുകളില്‍ പൊറുതിമുട്ടി ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions