കണ്ണൂര്‍: നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്. നാദാപുരം തൂണേരിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പേരോട് നിന്നുള്ള വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചും ബാന്റ്‌മേളം സംഘടിപ്പിച്ചും ആഘോഷം നടത്തിയതാണ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. പടക്കം പൊട്ടിച്ച വരന്റെ സുഹൃത്തുക്കളെ വധുവിന്റെ വീട്ടിലുണ്ടായിരുന്ന നാട്ടുകാര്‍ തടയുകയായിരുന്നു. വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുണ്ടെന്നും അതിനാല്‍ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും നാട്ടുകാര്‍ നേരത്തേ വരന്റെ കൂട്ടുകാരോടും മറ്റും ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചും പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയതാണ് കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചത്.
വരനും സംഘവും തൂണേരിയിലെ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പടക്കവും ബാന്റ്‌മേളവും ഉള്‍പ്പെടെയായാണ് വരനും സംഘവും എത്തിയത്. എന്നാല്‍, വധുവിന്റെ വീടിന് സമീപം മരണം നടന്ന വീടുള്ളതിനാല്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷമടക്കം ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയടക്കം നേരത്തേ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. പക്ഷേ, വരനൊപ്പം എത്തിയ സുഹൃത്തുക്കള്‍ ഇത് അവഗണിച്ച് പടക്കം പൊട്ടിച്ചു. ഇതോടെ വധുവിന്റെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഇവരെ ചോദ്യംചെയ്യുകയും തര്‍ക്കം അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഉള്‍പ്പെടെ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാലും ഇരുകൂട്ടരും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചതിനാലും പൊലീസ് കേസെടുത്തില്ല.