ആരോഗ്യം

സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ എഐ; ചരിത്രപരമായ പരീക്ഷണത്തിന് തുടക്കം കുറിച്ച് എന്‍എച്ച്എസ്


സ്ത്രീകളെ അലട്ടുന്ന സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിന് എഐ സാങ്കേതിക വിദ്യ എത്രത്തോളം സഹായിക്കുമെന്ന് പരിശോധിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണത്തിന് എന്‍എച്ച്എസ് തുടക്കംകുറിച്ചു. യുകെയിലുടനീളമുള്ള 30 കേന്ദ്രങ്ങളിലായി 6.7 ലക്ഷത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിനാണ് പദ്ധതി. 1.1 കോടി പൗണ്ട് ചെലവില്‍ നടത്തുന്ന EDITH എന്ന പരീക്ഷണത്തില്‍ മാമോഗ്രാം പരിശോധനയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് വിശകലനം ചെയ്യും. നിലവില്‍ രണ്ട് വിദഗ്ധ ഡോക്ടര്‍മാരാണ് ഓരോ മാമോഗ്രാം ചിത്രവും പരിശോധിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ഇവരില്‍ ഒരാള്‍ക്കു പകരം എഐ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പരിശോധന.

50നും 71നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്‍എച്ച്എസ് സൗജന്യ സ്തനാര്‍ബുദ പരിശോധന നടത്തിവരുന്നുണ്ട്. യുകെയില്‍ പ്രതിവര്‍ഷം ഏകദേശം 59,000 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. ഇതില്‍ മൂന്നിലൊന്ന് കേസുകളും പതിവ് മാമോഗ്രാം പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. നേരത്തേ രോഗം കണ്ടെത്തുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ സഹായിക്കും. പരിശോധനയില്‍ എഐ ഉപയോഗിക്കുന്നതിലൂടെ മനുഷ്യനേത്രങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോകുന്ന ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അതേസമയം, രോഗമില്ലാത്തവരെ അനാവശ്യമായി കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കുന്ന സാഹചര്യം ഒഴിവാക്കാനും പഠനം ലക്ഷ്യമിടുന്നു. യുകെയില്‍ റേഡിയോളജി വിദഗ്ധരുടെ കുറവും പ്രതിവര്‍ഷം ഇമേജിങ് പരിശോധനകള്‍ എട്ടുശതമാനം വീതം വര്‍ധിക്കുന്നതും എഐയുടെ പ്രസക്തി കൂട്ടുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ് സ്വദേശിനിയായ 70കാരി ഷെര്‍ലി എസെക്സിന്റെ അനുഭവം സ്തനാര്‍ബുദ പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പ് പതിവ് മാമോഗ്രാം പരിശോധനയിലാണ് ഇവര്‍ക്ക് പ്രാരംഭഘട്ടത്തില്‍ രോഗം കണ്ടെത്തിയത്. ശസ്ത്രക്രിയയും റേഡിയേഷന്‍ ചികിത്സയും നടത്തിയെങ്കിലും കീമോതെറാപ്പി വേണ്ടിവന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന തനിക്ക് അര്‍ബുദം സ്ഥിരീകരിച്ചത് അത്ഭുതപ്പെടുത്തിയെന്നും പരിശോധന തന്റെ ജീവന്‍ രക്ഷിച്ചെന്നും ഷെര്‍ലി പറഞ്ഞു.

കേംബ്രിഡ്ജ്, വാര്‍വിക് സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടുമായി സഹകരിച്ച് നടത്തുന്ന പരീക്ഷണം ഏകദേശം മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കും. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല. നാല് എഐ കമ്പനികളും പദ്ധതിയുടെ ഭാഗമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എഐ ഉപയോഗിക്കുന്നത് രോഗനിര്‍ണയവും ചികിത്സയും വേഗത്തിലാക്കുമെന്നാണ് എന്‍എച്ച്എസിന്റെ പ്രതീക്ഷ.

  • ബ്രിട്ടനില്‍ വണ്ണം കുറയ്ക്കാനുള്ള മരുന്നുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു! 8.5 ശതമാനം കുടുംബങ്ങളില്‍ ഉപയോഗം
  • ഇംഗ്ലണ്ടില്‍ ദിവസം 1000-ലേറെ പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു; സമയത്ത് ചികിത്സയില്ലാത്തത് വെല്ലുവിളി
  • മദ്യപാനം മനുഷ്യന്റെ ആയുസിനെ കുറയ്ക്കും; മിതമായ മദ്യസേവയും അപകടകരമെന്ന് പഠന റിപ്പോര്‍ട്ട്
  • യുകെയില്‍ പുതിയ കോവിഡ് വകഭേദം വ്യാപനം ശക്തം; ചികിത്സ തേടുന്നവരുടെ എണ്ണം കൂടി
  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions