യുകെ സര്‍വകലാശാലകളില്‍ പഠിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് വിദ്യാര്‍ഥികളുടേതിന് തുല്യമായ ട്യൂഷന്‍ ഫീസ് അനുവദിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പുതിയ സഹകരണ കരാറിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫീസ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രതികരണം.
ബ്രക്‌സിറ്റിന് ശേഷം ഐറിഷ് പൗരന്മാരെയും ബ്രിട്ടനില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ചവരെയും ഒഴികെ മറ്റ് യൂറോപ്യന്‍ വിദ്യാര്‍ഥികളെ വിദേശ വിദ്യാര്‍ഥികളായാണ് പരിഗണിക്കുന്നത്. ഇതോടെ പ്രതിവര്‍ഷം 30,000 പൗണ്ടിലധികം വരെ ഫീസ് നല്‍കേണ്ടിവരുന്നു. എന്നാല്‍ ബ്രിട്ടീഷ് ആഭ്യന്തര വിദ്യാര്‍ഥികള്‍ക്ക് പരമാവധി 9,790 പൗണ്ടാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്.
യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്കും ആഭ്യന്തര വിദ്യാര്‍ഥികള്‍ക്ക് തുല്യമായ ഫീസ് ഏര്‍പ്പെടുത്തണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. പ്രതിവര്‍ഷം ഏകദേശം 12,000 പൗണ്ട് ഫീസെന്ന വിട്ടുവീഴ്ചാ നിര്‍ദേശവും ചര്‍ച്ചയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ ഈ നിര്‍ദേശം ബ്രിട്ടന്റെ ഔദ്യോഗിക നിലപാടല്ലെന്നും അത്തരമൊരു ഇളവ് ചര്‍ച്ചയില്‍ അംഗീകരിക്കില്ലെന്നും ബേണ്‍ഹാം വ്യക്തമാക്കി.
വിദേശ വിദ്യാര്‍ഥികളില്‍നിന്നുള്ള ഉയര്‍ന്ന ഫീസ് ബ്രിട്ടീഷ് സര്‍വകലാശാലകളുടെ പ്രധാന വരുമാനമാര്‍ഗമാണ്. യൂറോപ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് കുറച്ചാല്‍ സര്‍വകലാശാലകള്‍ക്ക് പ്രതിവര്‍ഷം കോടിക്കണക്കിന് പൗണ്ടിന്റെ വരുമാനനഷ്ടമുണ്ടാകും.