സംസ്ഥാനത്തെ ജയിലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ക്കും അനുബന്ധ പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ജയില്‍ വകുപ്പ്. ഇനി മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങളും മാസികകളും ജയിലുകളില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ജയില്‍ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
സംസ്ഥാനത്തെ 55 ജയിലുകളിലും വ്യാപകമായി ദേശാഭിമാനി വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പരാതി. തടവുകാര്‍ക്ക് ലഭിക്കുന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പക്ഷപാതമുള്ളതാണെന്നും വസ്തുനിഷ്ഠമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ 55 ജയിലുകളിലും ദേശാഭിമാനി പത്രവും അനുബന്ധ മാസികകളും വിതരണം ചെയ്തിരുന്നു.
വിലകൊടുത്തോ സ്പോണ്‍സര്‍ഷിപ്പ് വഴിയോ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ ജയിലുകളില്‍ എത്തിക്കാന്‍ പാടില്ലെന്നാണ് ജയില്‍ ഡിജിപി എസ്. ശ്രീജിത്തിന്റെ ഉത്തരവ്. തടവുകാര്‍ക്ക് വസ്തുനിഷ്ഠവും സത്യസന്ധവും രാഷ്ട്രീയ പക്ഷപാതരഹിതവുമായ വാര്‍ത്തകളും വിവരങ്ങളും ലഭ്യമാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങള്‍ ജയിലുകളില്‍ വിതരണം ചെയ്യുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം നടപ്പാക്കാന്‍ ബന്ധപ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 55 ജയിലുകളിലായി ഏകദേശം 11,100 തടവുകാരാണുള്ളത്.