യുകെയിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 1997-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. കോവിഡ് മഹാമാരിക്കാലത്തെ വര്‍ഷങ്ങള്‍ ഒഴിവാക്കിയുള്ള കണക്കുകളിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെത്തിയവരുടെയും രാജ്യം വിട്ടുപോയവരുടെയും എണ്ണത്തിലെ വ്യത്യാസം 77,000 മാത്രമാണ്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സും ഹോം ഓഫീസും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ നെറ്റ് മൈഗ്രേഷന്‍ 2.04 ലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടെ ഇത് 62 ശതമാനം കുറഞ്ഞു. 2023-ല്‍ രേഖപ്പെടുത്തിയ 9.44 ലക്ഷം എന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കില്‍നിന്ന് 90 ശതമാനത്തിലധികമാണ് ഇടിവ്.
2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 7.38 ലക്ഷം പേര്‍ യുകെയിലേക്ക് കുടിയേറിയപ്പോള്‍ 6.61 ലക്ഷം പേര്‍ രാജ്യം വിട്ടു. ഇതോടെയാണ് നെറ്റ് മൈഗ്രേഷന്‍ 77,000 ആയി കുറഞ്ഞത്. 1997-ല്‍ നെറ്റ് മൈഗ്രേഷന്‍ 48,000 ആയിരുന്നു.
കുടിയേറ്റം കുറയാന്‍ പ്രധാന കാരണം വിദേശ പൗരന്മാര്‍ക്ക് തൊഴില്‍, പഠനം, കുടുംബാംഗങ്ങളെ കൊണ്ടുവരല്‍, അഭയം നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള അനുമതികള്‍ കുറഞ്ഞതാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവര്‍ക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണത്തിലുണ്ടായ കുറവ് നിര്‍ണായകമായി.
കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്കും ചില ഇടത്തരം തൊഴില്‍ വിഭാഗങ്ങള്‍ക്കും വര്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണവും അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍വകലാശാലകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും കുടിയേറ്റം കുറയാന്‍ കാരണമായി.