എഴുപത് വയസ് കഴിഞ്ഞ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. പുതിയ നിര്‍ദേശമനുസരിച്ച്, 70 കഴിഞ്ഞവര്‍ ഓരോ മൂന്ന് വര്‍ഷത്തിലൊരിക്കലും നിര്‍ബന്ധമായും നേത്ര പരിശോധന നടത്തണം. പരിശോധനാ ഫലം ഡ്രൈവിങ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിങ് ഏജന്‍സിയായ ഡിവിഎല്‍എയ്ക്ക് കൈമാറുകയും വേണം.
നിലവില്‍ 70 കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ കാഴ്ചശക്തി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ കാഴ്ചശക്തി കുറഞ്ഞ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട ചില ഗുരുതര അപകടങ്ങള്‍ മൂലം നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കരണ നീക്കം.
നേത്ര പരിശോധന സൗജന്യമായിരിക്കുമെങ്കിലും കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ പുതിയ കണ്ണടകളോ കോണ്‍ടാക്റ്റ് ലെന്‍സുകളോ വാങ്ങേണ്ടിവരുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം, പുതിയ നിയമം ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ യാത്രാസൗകര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഷാഡോ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഗ്രെഗ് സ്മിത്ത് ആശങ്ക പ്രകടിപ്പിച്ചു.